ഇന്ന് ചിങ്ങം 1 … കൊല്ലവർഷാരംഭം 1199
മലയാളികളുടെ സ്വന്തം ‘കലണ്ടർ’ ആയ കൊല്ലവർഷം എന്ന കാലഗണ രീതിയിലെ പുതിയ വർഷത്തിന്റെ ആദ്യ നാളാണ് ചിങ്ങം 1. സൂര്യൻ കർക്കിടക രാശിയിൽ നിന്നും (Cancer) ചിങ്ങം/സിംഹ രാശിയിലേക്ക് (Leo) സംക്രമണം ചെയ്യുന്നു എന്നതാണ് ഈ നാളിന്റെ പ്രാധാന്യം; അതിനാൽ ചിങ്ങം 1 സിംഹസംക്രാന്തി എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഓർമ്മിക്കാൻ പൊന്നിൻ ചിങ്ങപ്പുലരി കർഷകദിനമായും ആചരിക്കുന്നു.
കേരളത്തിലെ ഹിന്ദുക്കൾ മാത്രമല്ല, മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരും ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട് – അങ്ങനെ ചിങ്ങം 1 എന്ന പരമ്പരാഗത ഉത്സവത്തിന് ഒരു മതേതര നിറം ലഭിച്ചിട്ടുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം, ഈ ദിവസം വിവാഹങ്ങൾ, ഒരു പുതിയ വീട്ടിലേക്ക് മാറുക, ഒരു പുതിയ വാഹനം വാങ്ങുക അല്ലെങ്കിൽ ഒരു പുതിയ സംരംഭം തുടങ്ങുക എന്നതിനെല്ലാം ശുഭമായ മാസത്തിന്റെ ആരംഭമാണ്. ഹിന്ദുക്കൾ ചിങ്ങം ഒന്നിന് ക്ഷേത്രദർശനം നടത്തുന്നത് നല്ലതെന്ന് കണക്കാക്കപ്പെടുന്നു.
‘ചിങ്ങം’ വിനോദങ്ങളുടെയും കളികളുടെയും ആചാരപരമായ ആഘോഷങ്ങളുടെയും കാലമായി കണക്കാക്കപ്പെടുന്നു. കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം ചിങ്ങം മാസത്തിലാണ് ആഘോഷിക്കുന്നത്. മുമ്പ്, കേരളത്തിൽ കൃഷി പ്രധാന തൊഴിൽ ആയിരുന്നപ്പോൾ, ” ചിങ്ങം 1 ” വിളവെടുപ്പ് കാലത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന ദിനമായിരുന്നു. ഇന്ന് മിക്ക മലയാളികളും മറ്റ് തൊഴിലുകൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഈ ദിനത്തിന്റെ ഐശ്വര്യവും പ്രാധാന്യവും നാം നിലനിർത്തിപ്പോരുന്നു.
ഒരു നൂറ്റാണ്ട് മുൻപേയുള്ള കേരളത്തിന്റെ ചില ചിത്രങ്ങൾ, മാതൃഭൂമി ആർകൈവ്സിൽ നിന്നും ലഭിച്ചത് ഇവിടെ ചേർക്കുന്നു. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന് ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ബാസല്‍ മിഷന് ശേഖരിച്ചവയാണ് ചിത്രങ്ങള്‍ . (കോപ്പിറൈറ്റ്: മിഷന് 21/ബാസല്‍ മിഷന് ) നമ്മുടെ പൈതൃകവും അന്നത്തെ ജനജീവിത രീതികളും എടുത്തുകാട്ടുന്ന ഈ ചിത്രങ്ങൾ ഒരു നിധി തന്നെയാണ്.
– ദീപ പെരുമാൾ
(ചരിത്രപ്പെരുമ എന്ന പേജിനായി തയ്യാറാക്കിയത്)