*ഗൃഹപ്രവേശം*(ഡിജിറ്റൽ യുഗാരംഭത്തിന് മുൻപ്)By C M Jayan മനുഷ്യജീവിതത്തിന്റെ താളവും ഭാവവും തന്നെ മാറ്റിമറിച്ച ശക്തികളിലൊന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച. അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ചർച്ച തൽക്കാലം മാറ്റിവെക്കാം. എന്നാൽ, നമ്മുടെ ജീവിതത്തിന്റെ ഏതൊക്കെ മേഖലകളെയാണ് ഈ മാറ്റം സ്പർശിക്കാതിരുന്നത്? സാധനങ്ങൾ വാങ്ങുന്നത് മുതൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതും, ഭക്ഷണം ഓർഡർ ചെയ്യുന്നതും, ജോലികൾ നിർവഹിക്കുന്നതും, പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നതും, ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും വരെ—എല്ലായിടത്തും ഡിജിറ്റൽ യുഗം അതിന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഇന്ന് നമുക്ക് സർവസാധാരണമായി തോന്നുന്ന പല കാര്യങ്ങളും ഒരു രണ്ടു മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സാധാരണക്കാരന്റെ സങ്കൽപ്പങ്ങൾക്കുപോലും അപ്പുറത്തായിരുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ കുതിപ്പ് അത്രമേൽ വേഗതയാർജിച്ചിരിക്കുന്നു. അരനൂറ്റാണ്ടുകൊണ്ട് കൈവരിച്ചിരുന്ന പുരോഗതി ഇന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ സാധ്യമാകുന്നു. അടുത്തിടെ ഒരു പ്രമുഖ വ്യവസായി പറഞ്ഞ ഒരു നിരീക്ഷണം ശ്രദ്ധേയമായിരുന്നു: ഇന്ന് ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികൾ ഭാവിയിൽ ചെയ്യാൻ പോകുന്ന ചില ജോലികൾ ഇന്നും മനുഷ്യൻ കണ്ടുപിടിച്ചിട്ടുപോലുമില്ല.…
