Author: Gayathri Shyam

പ്രണയമാണ് അക്ഷരങ്ങളോട്..., പ്രണയവും ഭക്തിയും ആരാധനയുമാണ് മഹാദേവനോട്...! പ്രാണനിൽ ഉയിർകൊണ്ട ഇഷ്ടമാണ് അദ്ധ്യാപനത്തോട്...

മൗനം ചിതയൊരിക്കിയ നിമിഷങ്ങളിൽ വീണുടഞ്ഞ കവിതയൊരു പുനർജ്ജന്മം തേടി അക്ഷരങ്ങൾക്കായി കേഴുന്നുണ്ട് നീർ വറ്റിയ മിഴികളിൽ നിന്റെ നിഴൽ മാഞ്ഞതിന്റെ അന്ധകാരം മാത്രം ബാക്കി സൂര്യനു നേരെ ഉയർന്ന മിഴികളിൽ പരിഹാസത്തിന്റെ ചുവപ്പ്, ഊർജ്ജദായകനായിട്ടും പ്രപഞ്ചപരിപാലകനായിട്ടും മകനെ തിരുത്താൻ കഴിയാത്ത പിതാവിനോടുള്ള പരിഹാസം ഭൂമിയിലേക്ക് നീണ്ട മിഴികളിൽ സഹതാപത്തിന്റെ വിളർച്ച, പെറ്റു പോറ്റിയ മകളുടെ മാനം സംരക്ഷിക്കാൻ കഴിയാതെ സർവ്വംസഹയായി നിസ്സഹായായ മാതാവിനോടുള്ള സഹതാപം മിഴികൾ ചേർത്തടച്ചു നിറയുന്ന അന്ധകാരത്തിന്റെ ലാളനയിൽ ഹൃദയത്തെ കൊരുത്തു വെച്ചു ഇനി മിഴികൾക്ക് വിശ്രമം മൗനത്തിന്റെ കൂട്ടിലിനി ചിന്തകൾക്ക് പൂർണ്ണവിരാമം. – ധനുഗായത്രി

Read More

വാടാതെ പൂത്തു വിടരുമീ വിരഹത്തിൽ വൃണിതമായി തീരുന്നു മാനസങ്ങൾ ഓർമ്മകൾ ഇതളിട്ടു വിടരുന്ന നിമിഷത്തിൽ ഓരിലതുമ്പിൽ തുളുമ്പുന്ന ഹിമകണം മണ്ണിലായി പതിയുന്നു മിഴിനീർക്കണമായി മൗനമായി തേങ്ങുന്നു നിഴലുകളും…! – ധനുഗായത്രി

Read More

മൗനമാർന്ന നിമിഷങ്ങൾ, തെളിയുന്ന ഓർമ്മകൾ, മിഴിക്കോണിലൊരു പുഞ്ചിരി നനുത്ത കരസ്പർശം ആർദ്രമായൊരു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ മീനച്ചൂടിൽ കത്തുന്ന സൂര്യൻ ഉരുകിയൊലിക്കുന്ന ഭൂമി കാലം തെറ്റി ഉരുണ്ടു കൂടിയൊരു കാർമേഘം ഭൂമിക്കായി മാരി ചൊരിയുന്നു മഴയിൽ കുതിർന്ന പകലുകൾ ഒഴുകിയിറങ്ങിയ സിന്ദൂരം അകലുന്ന നിഴലുകൾ തെക്കു വശത്തു പുകയുന്ന ചിതയിൽ ഉരുകുന്ന കനലുകൾ വിടപറച്ചിലിന്റെ വിതുമ്പൽ തങ്ങി നിൽക്കുന്ന അധരം പടരുന്ന ഇരുളിമ തനിച്ചായ ഒരുവളുടെ ഹൃദയത്തിന്റെ തേങ്ങലുകളിൽ നഷ്ടപ്പെടലിന്റെ നൊമ്പരം വിധിയിൽ പതറിപ്പോയൊരുവളുടെ നിസഹായത.. എന്നിട്ടും, വീണ്ടും ഓർമ്മകളുടെ അറ്റത്ത് ജീവിതത്തെ കൊരുത്തു പിടിച്ചൊരു യാത്ര! – ധനുഗായത്രി

Read More

ഞാനോ നീയോ ആരാണാദ്യമരികി- ലണഞ്ഞത്? ആരാകിലുമത് നിയതിത- ന്നഭ്യേദ്യമാം തീരുമാനം. പുഞ്ചിരിതിളക്കമോ മിഴിനീർതിളക്കമോ ഭംഗിയിന്നെന്തിനേറെ? ഏതിനാകിലുമതിൻഹേതുവ- തിന്നു നിൻ സ്മരണ മാത്രം. പകലിൻ വാചാലതയോ ഇരവിൻ മൗനമോയി- ന്നേറെ പ്രിയം? രണ്ടാകിലുമിന്നിവ നമ്മെ നയിക്കുമനിവാര്യമാം ജീവിത സമരേഖകൾ. ആർത്തലയ്ക്കുമീ മഴയോ ഇരമ്പിയാർക്കുമീ സാഗരമോ ഇഷ്ടമിന്നേറെയേതിനോട്? ഏതിനോടാകിലുമൊന്നില്ലാതെമറ്റൊ- ന്നില്ലെന്നത്രെ പ്രപഞ്ച സത്യം. പൂത്തു തളിർക്കും വസന്തമോ പൊള്ളിയടരും ഗ്രീഷ്മമോ പെയ്തിറങ്ങും വർഷമോ നിറം മങ്ങും ശരതോ കൊഴിഞ്ഞടരും ഹേമന്തമോ കുളിരും ശിശിരമോയേറെപ്രിയ- മായി ചേരുമിന്നീ യാത്രയിൽ? ഏതാകിലുമിതിലേതെങ്കിലു- മൊന്നില്ലെങ്കിലപൂർണ്ണ- മത്രെയീകാലചക്രം. – ധനുഗായത്രി

Read More

മറവിയുടെ വിഷം തീണ്ടി കരിനീലിച്ചാലും മരിച്ചു മണ്ണടിയാത്ത ചില ഓർമ്മകളുണ്ട്…! – ധനുഗായത്രി

Read More