Author: Gopakumar Gopinathapillai

ഒരു അക്ഷര സ്‌നേഹി

കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ് മറ്റൊരു ജീവികൾക്കുമില്ലാത്തതിനാൽ, ആനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… അത് കൊണ്ട് ഒരാനയെ വാങ്ങി പറമ്പിലെ തെങ്ങിൽ തളച്ചിട്ടുണ്ട്. സ്നേഹിച്ചാൽ ഉറപ്പായും തിരിച്ചു സ്നേഹിക്കും എന്നുള്ളതിനാൽ നായ്ക്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… അത് കൊണ്ട് ഒരു നായയെ വാങ്ങി വീടിന്റെ ഉമ്മറത്ത് കെട്ടിയിട്ടിട്ടുണ്ട്. പാല് തരും എന്നതിലുപരി, പശു വീടിന് ഐശ്വര്യമായതിനാൽ പശുവിനെ എനിക്ക് ഇഷ്ടമാണ്… അത് കൊണ്ട് കണി കണ്ടുണരാൻ ഒരു പശുവിനെ വാങ്ങി തൊഴുത്തിൽ കെട്ടിയിട്ടുണ്ട്. എന്റെ അഭിപ്രായത്തെ മറികടന്നൊരു അഭിപ്രായം പ്രകടിപ്പിക്കാത്തത്തിനാൽ… പങ്കാളിയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്… ഞാൻ വരച്ച വരയ്ക്ക് അപ്പുറം പോകില്ലാത്തതിനാൽ മകനേയും. ഇഷ്ടപ്പെടൽ എന്നാൽ “തടവിലാക്കൽ” ആണെന്നറിയാമെങ്കിലും… ഞാൻ എന്റെ ഇഷ്ടം നോക്കിയാൽ പോരേ.

Read More