കുട്ടികളുടെ വേനലവധിക്കാലമാണിപ്പോൾ… അതായത് മാമ്പഴക്കാലം. നാളത്തെ പെണ്ണുകാണൽ ചടങ്ങിനാവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നുരണ്ട് മുഴുത്ത മാമ്പഴങ്ങൾ ഉതിർന്നു വീണ്ടു കിടക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ കണ്ണുകളിൽ വിരിയുന്ന അത്ഭുതത്തോടെ; ആഹ്ലാദത്തോടെ ഞാൻ അതിലൊന്ന് എടുത്ത് മണപ്പിച്ചു. ” അത് കിളി കൊത്തിയതല്ലേ അമ്മ… നല്ല മാമ്പഴം ഞാൻ വാങ്ങീട്ടുണ്ടല്ലോ പിന്നെന്തിനാ അത്… ?” അവൾ ചോദിച്ചു. “കിളിയും അണ്ണാനുമൊക്കെ ഏറ്റവും നല്ലത് നോക്കിയേ കൊത്തൂ… ഈ മാവിലെ ഏറ്റവും മധുരമുള്ള മാമ്പഴങ്ങൾ ഇവ ആയിരിക്കും” എന്റെ വാക്കുകൾക്കൊന്നും ചെവി തരാതെ അവൾ ഊണ് മേശയിൽ സാധനങ്ങൾ വച്ച് മുറിയിലേക്ക് പോയി. അവൾക്ക് 30 തികഞ്ഞു. പല ന്യായങ്ങളും പറഞ്ഞ് ഇത്ര നാൾ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറി. ആദ്യം പിജി പിന്നെ പി എച്ച് ഡി, പി ഡി എഫ് ഒക്കെ കഴിഞ്ഞപ്പോൾ ജോലികിട്ടട്ടെ എന്നായി. ഇപ്പോൾ ഐ സി എ ആറിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്തു വരുന്നു. …
