ഇതുപോലൊരു ഇടവഴിയിൽ വെച്ചാണ് ചെത്തുകാരൻ രാജൻ തെക്കേടത്തെ രാധയ്ക്ക് നിറയെ അക്ഷരത്തെറ്റുകളുള്ള പ്രണയലേഖനം കൈമാറിയിരുന്നത്. ഏന്തിവയലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇടവഴിയിൽ നിന്നാണ് കോളനിയിലെ ചാത്തൂനെ പയ്യാന മണ്ഡലി കടിച്ചത്. മണിയങ്കാട്ടെ ഇടവഴികടന്നാണ് ചേലോറ താഴെ വയലിലെ പുതിയ തിറയുടെ അടിയറക്കാഴ്ച സംഘം ഗോവിന്ദാ.. ഗോവിന്ദാ… വിളികളോടെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ തിറക്കണ്ടത്തിലേക്ക് എത്താറുള്ളത്. വെള്ളം തള്ളിയും കമ്യൂണിസ്റ്റ് പച്ചയും അതിരിൽ നിന്ന് എത്തിനോക്കുന്ന കരിയിലപ്പാതകൾ താണ്ടിയായിരുന്നു ശനിയാഴ്ച അന്തിനേരത്ത് റേഷൻ പീടികയിലേക്കുള്ള പായ്യാരപ്പാച്ചിൽ. നെല്ലിനടിക്കുന്ന എക്കാലക്സ് കുടിച്ച് എന്റെ ബാല്യകാല സുഹൃത്ത് ലോകത്തോടുള്ള വിരക്തിയോടെ വായിൽ ഉറുമ്പരിച്ച് കിടന്നത് തെക്കേപറമ്പിലെ, ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാവുന്ന ഇടവഴിയിലാണ്. അടിയന്തിരാവസ്ഥ അറബിക്കടലിൽ എന്ന് തൊണ്ട പൊട്ടുംവിധം മുദ്രാവാക്യം മുഴക്കി ചൂട്ടുകറ്റ വീശി സഖാവ് എ വി ഗോപാലേട്ടനും ചേനൻ കോരേട്ടനും സംഘവും നയിച്ച ജാഥ കടന്നു പോയതും ഈ വഴിയിലൂടെയാണ്. ഇതു പോലൊരു ഇടവഴിയിൽ നിന്നാണ് എന്റെ നാട്ടിലെ (നിങ്ങളുടെയും ) പല വാല്യക്കാരുടെയും പ്രണയം…
