ഇതുപോലൊരു ഇടവഴിയിൽ വെച്ചാണ് ചെത്തുകാരൻ രാജൻ തെക്കേടത്തെ രാധയ്ക്ക് നിറയെ അക്ഷരത്തെറ്റുകളുള്ള പ്രണയലേഖനം കൈമാറിയിരുന്നത്. ഏന്തിവയലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇടവഴിയിൽ നിന്നാണ് കോളനിയിലെ ചാത്തൂനെ പയ്യാന മണ്ഡലി കടിച്ചത്. മണിയങ്കാട്ടെ ഇടവഴികടന്നാണ് ചേലോറ താഴെ വയലിലെ പുതിയ തിറയുടെ അടിയറക്കാഴ്ച സംഘം ഗോവിന്ദാ.. ഗോവിന്ദാ… വിളികളോടെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ തിറക്കണ്ടത്തിലേക്ക് എത്താറുള്ളത്.
വെള്ളം തള്ളിയും കമ്യൂണിസ്റ്റ് പച്ചയും അതിരിൽ നിന്ന് എത്തിനോക്കുന്ന കരിയിലപ്പാതകൾ താണ്ടിയായിരുന്നു ശനിയാഴ്ച അന്തിനേരത്ത് റേഷൻ പീടികയിലേക്കുള്ള പായ്യാരപ്പാച്ചിൽ. നെല്ലിനടിക്കുന്ന എക്കാലക്സ് കുടിച്ച് എന്റെ ബാല്യകാല സുഹൃത്ത് ലോകത്തോടുള്ള വിരക്തിയോടെ വായിൽ ഉറുമ്പരിച്ച് കിടന്നത് തെക്കേപറമ്പിലെ, ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാവുന്ന ഇടവഴിയിലാണ്. അടിയന്തിരാവസ്ഥ അറബിക്കടലിൽ എന്ന് തൊണ്ട പൊട്ടുംവിധം മുദ്രാവാക്യം മുഴക്കി ചൂട്ടുകറ്റ വീശി സഖാവ് എ വി ഗോപാലേട്ടനും ചേനൻ കോരേട്ടനും സംഘവും നയിച്ച ജാഥ കടന്നു പോയതും ഈ വഴിയിലൂടെയാണ്.

ഇതു പോലൊരു ഇടവഴിയിൽ നിന്നാണ് എന്റെ നാട്ടിലെ (നിങ്ങളുടെയും ) പല വാല്യക്കാരുടെയും പ്രണയം പൂത്തതും തളിർത്തതും. ഇടവഴിയിലൂടെ മുഖാമുഖം കണ്ടുമുട്ടി നടന്നകലുമ്പോൾ മനസ് എത്രകണ്ട് വിലക്കിയിട്ടും അടക്കി നിർത്താനാവാത്ത തിരിഞ്ഞുനോട്ടത്തിലാണ് പലരുടെയും പ്രണയങ്ങൾ ആദ്യമായി സന്ധിച്ചത്!
ഈ കരിയിലപ്പാതകളിൽ എത്രയോ ബാല്യങ്ങളുടെ സൈക്കിൾ സഞ്ചാരങ്ങളുടെ മണിയൊച്ചകൾ ഇപ്പോഴും മുഴങ്ങുന്നുണ്ട്. മഴ പെയ്ത് കുതിർന്ന ഇടവഴികളിലെ കുഞ്ഞു നീരൊഴുക്കിൽ നിന്ന് തോർത്തുമുണ്ട് വലയാക്കി എത്രയോ മാനത്തുകണ്ണികളെയും ചൂട്ടാച്ചിയെയും നാം കുപ്പിയിലടച്ചിരിക്കുന്നു! ഇടവഴികളിലെ മൺഭിത്തിയുടെ നനവിൽ വളർന്ന തണ്ണീർക്കുടിയൻമാർ നമ്മൾ കളിക്കൂട്ടുകാരുടെ കണ്ണുകൾക്ക് നൽകിയ തണുപ്പ് ഇതാ, ഇപ്പോഴും പീലികളിലുണ്ട്. ഇടവഴിഭിത്തികളിലെ നനവ് കുടിച്ച് വളർന്ന വെള്ളംതള്ളി തണ്ടുകൾ എന്റെയും നിന്റെയും സ്ലേറ്റിലെ എത്രയോ തോന്ന്യാക്ഷരങ്ങൾ മായ്ച്ചു കളഞ്ഞിരിക്കുന്നു!
ജീവനുള്ള കാലം വരെ നിന്നെപ്പിരിഞ്ഞ് ജീവിതമില്ലെന്ന് കണ്മഷി പടർന്ന കണ്ണുകളോടെ നീ ആണയിട്ടത് ഉച്ചവെയിൽ നിഴൽ വീണ ഈ ഇടവഴിയിൽ വെച്ചായിരുന്നു. തോറ്റു പോയ എന്റെ ജീവിതത്തെ വേദനയിൽ മുക്കി നിന്റെ കൈപിടിച്ച് മണവാളനും സംഘവും തോണിക്കടവിലേക്ക് പോയതും ഈ ഇടവഴി കടന്നാണ്. ആശുപത്രിയിലേക്കുള്ള അവസാനയാത്രയിലാണ് അഛൻ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് മരണത്തെക്കുറിച്ചോർത്ത് അധീരനായി എന്റെ വിരലുകളിൽ മുറുകെപ്പിടിച്ചത്!
പിന്നീട് എപ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നിന്ന് ഇടവഴികൾ ഇറങ്ങിപ്പോയത്? ഇടവഴികളായ ഇടവഴികളെല്ലാം നിരത്തുകളായി മാറിയതോടെ ഇടവഴിയോർമകൾ പോലും അധികപ്പറ്റായിരിക്കുന്നു. നേർത്തുനേർത്തില്ലാതാവുന്ന ഓരോ വഴികളും ഓർമകളുടെ തന്നെ മരണമാണ്!

മണ്ണ് വീണ് നികന്ന ഇടവഴികളുടെ ഇടനെഞ്ചിലൂടെ എത്രയെത്ര വാഹനങ്ങളാണ് ഇരമ്പിപ്പായുന്നത്? ഓരോ നാടിന്റെയും പരിസ്ഥിതിയുടെ സൂക്ഷിപ്പുകാരായിരുന്നു അവയെന്ന് ആര് ഓർമിക്കുന്നു? മണ്ണിൽ പെയ്ത മഴത്തുള്ളി കളത്രയും വാരിപ്പുണർന്ന് മണ്ണിനോട് ചേർക്കുന്നവളായിരുന്നു ഓരോ ഇടവഴിയും. കുറുന്തോട്ടിയും കണ്ണാന്തളിയും കറുകയും നിലംപരണ്ടയും സമൃദ്ധമായിരുന്ന ആ ഒറ്റയടിപ്പാതകൾ എത്രയോ ജൈവവൈവിധ്യങ്ങളുടെ കാവലാളായിരുന്നു.
ഓരോ ഇടവഴികളും അനാദിയായ ഓർമകളുടെ പച്ച ഞരമ്പുകളാണ്. മനുഷ്യന്റെ പരസ്പരാശ്രിതത്വത്തിന്റെ അനാദിയായ കാലടിപ്പാടുകൾ ലയിച്ചു ചേരുന്നിടം. ഓരോ വഴികളുംമൂടുമ്പോൾ അവയാണ് മാഞ്ഞു പോകുന്നത്. അവ ഒന്നുപോലും ബാക്കിയാകാത്ത വിധം മനുഷ്യന്റെ പകയാലുയർന്ന യന്ത്രക്കൈകൾ അവയ്ക്ക് പട്ടടയൊരുക്കുമ്പോൾ ചിതയാളുന്നത് എന്റെയും നിന്റെയും ഓർമകളുടെ നെഞ്ചിലാണ്…


8 Comments
നല്ല കഥ🥰
❤️❤️❤️ ബാല്യകാലത്തേക്ക് കൂട്ടികൊണ്ട് പോയി
ഇടവഴികൾ മറഞ്ഞുപോയെങ്കിലും മായാതെ കുറെ ഓർമ്മകൾ…… നന്നായെഴുതി👍🌹
അതേ……..ഓരോ ഇടവഴികളും ഓർമ്മകളുടെ പച്ച ഞരമ്പുകളാണ്. അതുപോലൊരിടവഴിയിൽ വെച്ചാണ് കള്ളുകുടിയൻ ഭാസ്ക്കരേട്ടനെക്കണ്ട് പേടിച്ചോടി രണ്ടാം ക്ലാസുകാരിയായ ഞാൻ വീണു മുട്ടു പൊട്ടിയത്. ഒരായിരം
ഓർമ്മകളെ ഉണർത്തിയ സുഹൃത്തേ നന്ദി🌹👌
വായനയ്ക്ക് ഉള്ളം നിറഞ്ഞ നന്ദി!
വായനയ്ക്ക് നന്ദി.❤️
👍
വായനയ്ക്ക് നന്ദി.❤️