ഇന്ന് നാളെയിലേക്ക് വഴിമാറുമ്പോൾ ചരിത്രമാവുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതിനു ഒരുപാട് വൈതരണികൾ തരണം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളുടെ തന്നെ പ്രയാണം അതിന്റെ പിറകിലുണ്ട്. ഒരുനാൾ നമ്മൾ ചരിത്രമായാലും ജീവിതത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നു ചേർന്നു കൊണ്ടേയിരിക്കും. കാലത്തിനു ചേരാത്തതൊക്കെ മറ്റൊരു ചരിത്രമായി വിസ്മൃതിയിലാഴും, ഉള്ളിൽ ഓർമ്മകളുടെ സാഗരമവശേഷിപ്പിച്ച്.
വാമൊഴികളിലൂടെ വരമൊഴികളിലൂടെ ചരിത്രം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. അവിടെയും നേതൃനിരയുടെ നാമങ്ങൾ മാത്രം തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുന്നു. സഹനപാത താണ്ടിയവർ വിസ്മൃതിയിലാവുന്നു. സൃഷ്ടികൾ പുന:സൃഷ്ടിക്കാതിരിക്കാൻ കരച്ഛേദവും ഗളച്ഛേദവും ചരിത്രത്തിന്റെ ഇടനാഴികളിൽ രക്തച്ഛവി പടർത്തുന്നു.
രക്തരൂക്ഷിതയുദ്ധങ്ങളുടേയും അധികാരകൈമാറ്റങ്ങളുടേയും നിരവധി ചരിത്രങ്ങൾ ഭാരതഭൂവിലുറങ്ങുന്നു. വ്യത്യസ്തസംസ്ക്കാരങ്ങൾ അധികാര കേന്ദ്രങ്ങളിലൂടെ നമ്മുടെ മണ്ണിലലിഞ്ഞു. മാനസാന്തരത്തിന്റെ ഏടുകൾ ചരിത്രത്തിലെ തിരിച്ചറിവുകളായി.
അധിനിവേശത്തിന്റെ എത്രയോ ഏടുകൾ. അതിജീവനത്തിന്റെ മുൾപ്പാതകൾ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തേർവാഴ്ചയുടെ നൂറ്റാണ്ട്. സ്വാതന്ത്യ പോരാട്ടത്തിന്റെ കനൽവഴികൾ. സഹനപാതയുടെ സ്നേഹമുഖവുമായി പൊരുതി നേടിയ സ്വാതന്ത്യം. വിഭജനത്തിന്റെ കണ്ണുനീർ. ഇന്നുമണയാത്ത വിദ്വേഷത്തിന്റെ കനലുകൾ.
ഓരോ അധിനിവേശങ്ങളും പകർന്നു നൽകിയ സംസ്ക്കാരത്തിന്റെ ഇഴകൾ വേർത്തിരിക്കാനാവാത്തവിധം നമ്മളിലലിഞ്ഞു ചേരുന്നു. നിർമ്മിതികളുടെ വിസ്മയങ്ങൾ ഇന്നും അത്ഭുതക്കാഴ്ചകളാവുന്നു.
ചരിത്രം പൂർവികതയുടെ തിരുശേഷിപ്പുകളാണ്. വ്യാഖ്യാനങ്ങളാൽ മാറ്റു കൂട്ടിയാലും കുറച്ചാലും സത്യം ഒരു നാൾ മുന്നിൽ തെളിയും. വളച്ചൊടിക്കലുകളുടെ പുതിയകാലങ്ങളിൽ മഹത്ത്വവത്ക്കരിക്കപ്പെടുന്ന ചരിത്രത്തിന്റെയേടുകൾ. ചരിത്രം ഒരിക്കലും വിമർശനാതീതമല്ല. പക്ഷേ വിവാദങ്ങൾക്കുവേണ്ടിയുള്ള വിമർശനങ്ങളാകരുതെന്നു മാത്രം. സത്യം തിരയാനും അംഗീകരിക്കാനുമുള്ള മനസ്സ് വേണം.
ചരിത്രത്തിന്റെയേടുകൾക്ക് പറയാൻ ഒരുപാട് കഥകളുണ്ടാവും. രേഖപ്പെടുത്തിയതിനേക്കാൾ രേഖപ്പെടുത്തലുകളില്ലാത്ത ചരിത്രഭൂമികകൾ ഏറെയുണ്ടാവും. മൺമറഞ്ഞു കിടക്കുന്ന ചരിത്രങ്ങളിൽ അടിത്തറയുറപ്പിച്ച് പടുത്തുയർത്തിയതാണ് ഇന്നുകളെന്ന ബോധം ചരിത്രത്തെ നന്ദിയോടെ ഓർക്കാൻ പ്രേരിപ്പിക്കണം.
നമ്മുടെ അസ്തിത്വമാണ് ചരിത്രം. നമ്മുടെ വേരുകൾ ചികയുമ്പോൾ അസാധാരണമായ പലതും കണ്ടെന്നു വരും. കാലികമായ മാറ്റങ്ങളുടെ തന്മയീഭവിക്കലാണ് ഇന്നിലേക്കൂള്ള പ്രയാണത്തിന്റെ കാതൽ. പലപ്പോഴും പൊലിപ്പിച്ചു കാണിക്കപ്പെട്ട ചരിത്രം കഥയായി നമ്മിലാഴ്ന്നിറങ്ങിയിരിക്കാം. വാമൊഴികളിലൂടെ വരമൊഴിയിലെത്തുമ്പോൾ ചരിത്രത്തിന്റെ ചരിത്രം തന്നെ മാറിമറഞ്ഞേക്കാം. ഇന്ന് ആർക്കും മാറ്റിമറിക്കാവുന്ന ഒന്നായി ചരിത്രം മാറുമ്പോൾ സത്യങ്ങൾക്കൊരു ശാപമോക്ഷമുണ്ടാവുമോ.
★★★നിഷിബ എം നിഷി★★★
ചിത്രത്തിന് കടപ്പാട്: ഗൂഗിൾ
4 Comments
ചരിത്രത്തിനും മാറ്റം അനിവാര്യമാ മുന്നു…..
മനോഹരമായ എഴുത്ത് നിഷിബ 👍
സ്നേഹം 💞
ഏറെ സ്നേഹം സന്തോഷം