ആദ്യ സ്കൂൾദിനത്തിൽ പുത്തൻ യൂണിഫോമിനെ നനയിച്ചെത്തുന്ന മഴ. കുനിഞ്ഞിരുന്ന കുടകളെയെല്ലാം മുകളിലേക്ക് പറപ്പിക്കുന്ന മഴയുടെ കൂട്ടുകാരൻ കാറ്റ്. ആദ്യതുള്ളി ഭൂമിയിൽ പതിക്കുമ്പോൾ മാത്രം അനുഭവിക്കാനാകുന്ന ആ മണ്ണിൻറെ ഗന്ധം. കാതടപ്പിക്കുന്ന ഇടിമുഴക്കത്തിന് തൊട്ടുപിന്നാലെ ഞാനും കൂടെ വന്നിട്ടുണ്ട് എന്നോർമ്മിപ്പിക്കുന്ന മിന്നലിന്റെ പ്രകാശം.
മഴകഴിഞ്ഞുള്ള കാഴ്ചകളും അതിമനോഹരം. ഒരു പൊട്ടിച്ചിരിപോലെ വീണുചിതറി തുള്ളിക്കളിച്ചൊന്നാവുന്നു ചേമ്പിലയിലെ മഴത്തുള്ളികൾ. ഇലയുടെ അറ്റത്തുനിന്ന് ഇപ്പോൾ താഴേക്കുവീഴും എന്നപോലെ തൂങ്ങിയാടുന്ന മഴത്തുള്ളിയിലുണ്ട് ലോകത്തിലെ ഏറ്റവും സുന്ദരതിളക്കം.
രാത്രിമഴയും പ്രണയമണിത്തൂവൽപൊഴിയും പവിഴമഴയും നമുക്കൊരുപോലെ പ്രിയം. മലയാളത്തിലേതുപോലെ, മഴയുടെ എല്ലാ ഭാവങ്ങളെയും തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്ന സാഹിത്യസിനിമസൃഷ്ടികൾ വേറൊരു ഭാഷയിലുമുണ്ടാവില്ല. മഴക്കെടുതികളെക്കുറിച്ച് പറയുന്ന തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഒരുദാഹരണം മാത്രം. ‘കാലവർഷത്തിന്റെ വെളുത്തമഴ’യാണ് ഖസാക്കിൽ ഉള്ളത്.
കനത്തദുഖമാണ് പിറവിയിലെ മഴഭാവം. എന്നാൽ മണ്ണാറത്തൊടിയിൽ മഴപെയ്യുമ്പോൾ, ജയകൃഷ്ണന്റെ മാത്രമല്ല, നമ്മുടെ മനസ്സുകളിലേക്ക് കൂടിയാണ് വിവിധ വികാരങ്ങളുമായി തൂവാനത്തുമ്പികൾ വന്നെത്തുന്നത്.
കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകൾ മാഞ്ഞിട്ടില്ല. എങ്കിലും നാമെല്ലാം മഴയെ സ്നേഹിക്കുന്നു. മഴക്കാലം കാത്തിരിക്കുന്നു, പെയ്തുതോരാത്തൊരു മനസ്സുമായി…