ഉത്തരവാദിത്തങ്ങളുടെ കെട്ടുപിണയലുകളിൽ ശ്വാസം മുട്ടിയപ്പോളാണ് ഈ ലോകം തനിക്ക് പറ്റിയതല്ല എന്നവൾ തിരിച്ചറിഞ്ഞത്.
കെട്ടുകളോരോന്നായി പൊട്ടിച്ചെറിഞ്ഞ് നൂഴ്ന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവർ ഒന്നിച്ചവളെ പിടിച്ചു മുറുക്കി കളഞ്ഞു.
സ്നേഹ സമ്പന്നനായ ഭർത്താവ് അവളുടെ നീണ്ട മുടിയിഴകളിൽ ചുഴറ്റി പിടിച്ചു. നീട്ടി വളർത്തി, ചായം പുരട്ടിയ നഖങ്ങളിൽ തൂങ്ങി കിടന്നത് അരുമയായ മകളായിരുന്നു. കണ്ണിലുണ്ണിയായ മകനാകട്ടെ ചവിട്ടിയരച്ചത് വലത് കണ്ണിലെ കൃഷ്ണമണിയായിരുന്നു.
ബോധത്തിന്റെ നേർത്ത ചരടിൽ പിടുത്തം കിട്ടിയപ്പോൾ, മെല്ലെ കണ്ണുകൾ തുറന്നു, ചുറ്റിലും പ്രിയപ്പെട്ടവരുടെ ആർത്തനാദങ്ങൾ.
ആശ്വസിപ്പിക്കാനായി അടുത്ത വന്നത് ഒരു പ്രായം ചെന്ന നേഴ്സ് മാത്രം, അവർ പൊട്ടിച്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞല്ലോ, നല്ല ധൈര്യം വേണം മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് സ്വയം ഞരമ്പ് മുറിച്ചു രക്തം വാർത്ത് കളയാൻ. ഒരു നിമിഷം ഇവിടെയെത്തിയ്ക്കാൻ വൈകിയിരുന്നെങ്കിൽ, കാണാമായിരുന്നു. എന്തേ ഇങ്ങനെ ചെയ്യാൻ തോന്നാൻ?”
“അത് പിന്നെ …. ഞാൻ ഞാനല്ലാതെയായപ്പോൾ , എനിക്കൊന്നും സഹിയ്ക്കാൻ പറ്റിയില്ല.”
അവൾ കരഞ്ഞില്ല. ആ നിമിഷത്തെ അതിജീവിയ്ക്കാൻ അവൾ കണ്ണുകളടച്ചു മൗനത്തിന്റെ കൊക്കൂണിലൊളിച്ചു, ഇനിയും ഒരു ശലഭമായി പുനർജനിയ്ക്കാൻ.
എന്നും ഉദിയ്ക്കുന്ന സൂര്യനെ പോലെ, അരുവികൾ ഒന്നിച്ച് പുഴയായി ഒഴുകുന്ന പോലെ, പുഴവെള്ളം നീരാവിയായി, പിന്നെ മേഘമായി വീണ്ടും പുഴയിലേക്ക് പെയ്തിറങ്ങുന്ന പോലെ, ജീവിതമെന്ന തനിയാവർത്തനങ്ങൾ.
ജനനം മരണം പുനരപി ജനനം
നിഷ പിള്ള