“ചേട്ടാ, എനിക്ക് ഒരു ആഗ്രഹം…” പുതുപ്പെണ്ണ് നാണത്തോടെ ചേട്ടന്റെ കാതിൽ പറഞ്ഞു.
“എന്റെ മുത്തിന് എന്താ ആഗ്രഹം… മുത്ത് ധൈര്യമായി പറഞ്ഞോ..”
“പറയട്ടെ…. വാങ്ങി തരുമോ?”
“വാങ്ങി തരുമോന്നോ? അതെന്താ മുത്തേ അങ്ങനെ ഒരു സംശയം? അമ്പിളി അമ്മാവനെ ഒഴിച്ച് എന്ത് വേണേലും നിന്റെയീ ചേട്ടൻ കൊണ്ടുത്തരും…”
“നമ്മുടെ വീട്ടിലും നീലത്താമര വേണം…”
“നീ ഇതുവരെ നീലത്താമര കണ്ടിട്ടില്ലേ?”
“കണ്ടിട്ടുണ്ട്… എന്നാലും സ്വന്തമായി വേണം…”
“ഓക്കേ.. ചേട്ടൻ ഏറ്റു… ഞാൻ വൈകിട്ട് പുറത്ത് പോയി വരുമ്പോൾ വാങ്ങി വരാം..”
“ഉം…” പുതുപ്പെണ്ണ് സന്തോഷം കൊണ്ട് വിജ്രംഭിച്ചു… ആദ്യമായി പറഞ്ഞ കാര്യം ഉടനടി സാധിച്ചു തരുന്ന ചേട്ടൻ… ശ്ശോ!
ചേട്ടൻ പുറത്തു പോയ പിന്നാലെ മുത്ത്, മുറ്റത്തിറങ്ങി, ചെറിയ തൊടി കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു… ഓരോ നീലത്താമര മൊട്ട് വിരിയുമ്പോഴും തന്റെ ആഗ്രഹങ്ങളും സഫലമാകും.
പുറത്ത് പോയ ചേട്ടൻ തിരികെ വന്ന പാടെ പെൻഡ്രൈവ് കൈയിൽ ഏൽപ്പിച്ചു പറഞ്ഞു… ” ദേ, മുത്തിന്റെ ആഗ്രഹം പോലെ നീലത്താമര കോപ്പി ചെയ്തിട്ടുണ്ട്.. ഞാൻ കുളിച്ചിട്ട് വന്ന് നമുക്ക് ഒരുമിച്ച് കാണാം…!!