ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുമ്പോഴേ ഒരു ചാറ്റൽ മഴ തൂവി തുടങ്ങിയിരുന്നു. കുട നിവർത്താൻ തോന്നിയില്ല അവൾക്ക്.. സാവധാനം മുന്നോട്ട് നടക്കുമ്പോൾ ആളുകൾ അത്ഭുത ജീവിയെ എന്നപോലെ അവളെ നോക്കുന്നുണ്ടായിരുന്നു.
പിന്നെയും മുന്നോട്ട് നടക്കുമ്പോൾ ഒരു കുടയുടെ വട്ടത്തിൻ കീഴിലേക്ക് അവൾ മാറി. തെല്ലും അത്ഭുതം തോന്നിയില്ല… ആ കുടയുടെ അവകാശിയെ അവൾ തല ചെരിച്ചു നോക്കി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും…കണ്ണുകളിൽ അതെ കുസൃതിച്ചിരി…
“നേരെ നോക്കി നടക്കൂ പെണ്ണേ….” ചിരിയോടെ തന്നെ ആൾ പറഞ്ഞു..
വർഷത്തിൽ ഒരിക്കൽ സ്വന്തമാകുന്ന ഏതാനും കുറച്ചു മണിക്കൂറുകളുടെ സൗഭാഗ്യത്തിന് മാത്രം അർഹരായവർ… നിസ്സഹായർ….
ഒരുമിച്ച് പഠിച്ച കോളേജിന്റെ വരാന്തയിൽ മുഖത്തോട് മുഖം നോക്കിയിരിക്കുമ്പോൾ…. പണ്ടെന്നോ നനയാൻ കൊതിച്ചൊരു മഴ അവരുടെ ഉള്ളിലും നനു നനെ ചാഞ്ഞു പെയ്തു തുടങ്ങിയിരുന്നു….
പ്രണയത്തിന്റെ തോരാമഴ….