സ്വപ്നങ്ങളുടെ ചാരം ഭസ്മമാക്കി അവൾ ദേഹമാസകലം പൂശി.
കാണുന്നവർക്ക് അത്, ചുവപ്പായി സീമന്തത്തിലും
സ്വർണ്ണവർണ്ണത്തിൽ കഴുത്തിലും വെള്ളിയിൽ കാൽവിരലിലും
തള്ളി നിൽക്കുന്ന വയറിലും മടക്കുകളായി ചാടിയ ഇടുപ്പിലും
വെള്ളികമ്പികൾ പോലെ തലയിലും
അവളിൽ നിന്നും വമിക്കുന്ന കറിക്കൂട്ടിന്റെ മണത്തിലും
ഉടുത്തതിലെ കരിയിലെ കറുപ്പിലും
ദേവിയായും വിളക്കായും അവളെ വിശേഷിപ്പിച്ചപ്പോൾ
അവൾക്കും തോന്നി സ്വപ്നത്തിന്റെ ചാരം
ഭസ്മമായി പൂശിയപ്പോൾ അവൾ മറ്റാരോ ആയെന്ന്