ഇന്നലെ ഓഫിസിൽ പോകുമ്പോൾ കണ്ണട എടുക്കാൻ മറന്നു. കുഴപ്പമില്ലാതെ വൈകുന്നേരം വരെ ഇരിക്കാനാകും എന്നാണ് കരുതിയത്. എന്നാൽ എത്തി കുറച്ചു സമയം ആയപ്പോൾ തന്നെ ചെറിയ തല വേദനയും കണ്ണു വേദനയും തുടങ്ങി. വൈകിട്ട് ആകുമ്പോഴേക്കും വേദന കൂടുമോ എന്ന പേടിയിൽ ആ സമയത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകനോട് പറഞ്ഞു
“കണ്ണട എടുക്കാഞ്ഞിട്ട് പണി കിട്ടിയെന്ന തോന്നുന്നത്.”
അവൻ ഒന്നും മിണ്ടിയില്ല. തല തിരിച്ചു നോക്കുന്നു പോലുമില്ല. അല്ലെങ്കിലും അസുഖം വരുമ്പോ അടുത്ത് ഉള്ള ആരോടെങ്കിലും, അവർ മറുപടി ഒന്നും പറയില്ലെങ്കിലും, വയ്യാന്ന് പറയുമ്പോള്‍ കിട്ടുന്ന മനസുഖം ഉണ്ടല്ലോ.
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ആത്മഗതം.
“നമ്മളൊക്കെ എത്ര സിവി കൊടുത്താലും ഒരാൾ പോലും വിളിക്കില്ല. ഇവിടെ കണ്ണട വെക്കാണ്ട് പണി കിട്ടുന്നു. കളയണ്ട, നല്ല പണി ആയിരിക്കും. എപ്പോ ജോയിൻ ചെയ്യേണ്ടത്?”
പുല്ല്… ഇതിനേക്കാൾ ഭേദം അവൻ മിണ്ടാണ്ട് ഇരിക്കുന്നത് ആയിരുന്നു