“അച്ഛാ ഈ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയില്ലായിരുന്നെങ്കിൽ ഓണവുമുണ്ടാകില്ലായിരുന്നു ഓണപ്പരീക്ഷയുമുണ്ടാകില്ലായിരുന്നു അല്ലേ.”
മകനെ ഒന്ന് തറപ്പിച്ചു നോക്കി വീണ്ടും ടി.വിയിലേയ്ക്ക് കണ്ണുറപ്പിയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും അശരീരിയെത്തി.
“ഭാര്യയെ അടുക്കളയിൽ സഹായിയ്ക്കാതെ ടി.വിയ്ക്കു മുന്നിൽ കുത്തിപ്പിടിച്ചിരിയ്ക്കുന്ന ഭർത്താക്കൻമാരെ വല്ല പാതാളത്തിലേയ്ക്കും ചവിട്ടിത്താഴ്ത്തേണ്ട സമയം കഴിഞ്ഞു.”
“ഓ പിന്നേ… എന്തൊക്കെ ചെയ്തു കൊടുത്താലും പിന്നേം പരാതിയും പറഞ്ഞ് ചൊറിഞ്ഞോണ്ട് പുറേകേ വന്ന് ഭർത്താക്കൻമാർക്ക് സ്വൈര്യം കൊടുക്കാത്ത ഭാര്യമാരേം ചവിട്ടിത്താഴ്ത്തണം” ടി.വിയിൽ നിന്ന് കണ്ണെടുത്തില്ലെങ്കിലും അശരീരിയ്ക്കു മറുപടി കൊടുക്കാൻ ഒട്ടും താമസമുണ്ടായില്ല.
“എടാ ചെക്കാ നിനക്ക് പരീക്ഷയല്ലേ പോയിരുന്ന് പഠിയ്ക്കെടാ….ഓരോ വേണ്ടാത്ത ചോദ്യോം കൊണ്ട് വന്നോളും.”
അടുക്കളയിൽ നിന്നും കലിപ്പോടെ വീണ്ടും അശരീരി ഉയർന്നപ്പോൾ മോൻ പുസ്തകത്തിലേയ്ക്ക് പതിയെ തല താഴ്ത്തി.