“അപ്പാപ്പാ…
ഇന്ന് തിരുവോണമല്ലേ ?”
“അതേ…”
“ടീച്ചർ പറഞ്ഞല്ലോ എല്ലാ ചിങ്ങമാസത്തിലെ തിരുവോണത്തിനും മഹാബലി തന്റെ പ്രജകളെ കാണാൻ പാതാളത്തിൽ നിന്നും ഇങ്ങോട്ട് കയറി വരും എന്ന്. അത് ശരിയാണോ? ഇന്നാണോ വരുന്നത്?”
“പിന്നല്ലാതെ … ഇന്ന് എല്ലാ പ്രജകളുടെയും വീട്ടിൽ മാവേലിയെത്തും. അതുകൊണ്ടാണല്ലോ ഇന്ന് എല്ലാ വീട്ടിലും സദ്യ ഒരുക്കി വിളക്ക് ഒരുക്കി കത്തിച്ച് വൃത്തിയായി കുളിച്ച് നല്ല വസ്ത്രം ഒക്കെ ധരിച്ച് എല്ലാവരും നിൽക്കുന്നത്. എപ്പോൾ കയറി വരും എന്ന് പറയാൻ പറ്റില്ലല്ലോ…”
“ഓ … അത് ശരി…”
ഒന്നാം ക്ലാസുകാരനായ കൊച്ചുമോനെ പറ്റിച്ചതിന്റെ ചിരി അപ്പാപ്പൻ പുറം കൈ കൊണ്ട് വായ പൊത്തി മറച്ചു.
“അപ്പാപ്പാ…, രാവിലെ വന്നില്ല. ഉച്ചയ്ക്കും വന്നില്ല. നേരം ഇരുട്ടിയല്ലോ ഇനി വരില്ലേ? കണ്ണന്റെയും കുക്കുവിന്റെയും വീട്ടിൽ വന്നു കാണുമോ? വന്നിട്ട് വേണം കണ്ണനുള്ളത് പോലുള്ള കറുത്ത ഷൂസ് സമ്മാനമായി ചോദിക്കാൻ.
ഇന്നുതന്നെ അദ്ദേഹത്തിന് മടങ്ങിപ്പോകാനുള്ളതാ…”
“വെളുക്കുന്നത് വരെ സമയം ഉണ്ടല്ലോ മോനെ… വരും…”
“മോനെ മണി പത്തായി. നീ ഉറങ്ങിക്കോ. വരുമ്പോൾ ഞാൻ വിളിക്കാം.” അപ്പാപ്പനെ വിശ്വസിച്ച് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
“അപ്പാപ്പാ നേരം വെളുത്തല്ലോ… ഞാൻ ഉറങ്ങിപ്പോയി. അപ്പാപ്പൻ എന്താ വിളിക്കാത്തെ? വന്നോ മാവേലി?”
“വന്നിരുന്നു. മോനെ ഉണർത്തേണ്ട എന്നു പറഞ്ഞു. ഈ ഗിഫ്റ്റ് മോന് തരാൻ പറഞ്ഞു. ”
കൗതുകത്തോടെ അവനാ സമ്മാനപ്പൊതി അഴിച്ചു നോക്കി. അവനാഗ്രഹിച്ച കറുത്ത ഷൂസ് ആയിരുന്നു അതിൽ!
“ങേ.. ഇതെങ്ങനെ!”
അവൻ സന്തോഷത്തോടെ അകത്തേക്ക് പോയി.
ആ നിഷ്കളങ്ക ഹൃദയം സന്തോഷിക്കുന്നത് കണ്ട് അപ്പാപ്പൻ അമ്മമ്മയെ നോക്കി കണ്ണിറുക്കി. പതുക്കെ ചിരിച്ചു.