പഞ്ഞകാലത്തിൻ പഷ്ണിയും മാറി
സമൃദ്ധി തന്നോളമിട്ടോണമിങ്ങെത്തി
ഓണക്കോടിയുടുത്തു കൊണ്ടേ
ആടണം പാടണം തുള്ളിത്തിമിർക്കണം പിന്നെ-
ഓണത്തപ്പനെ വരവേൽക്ക വേണം
പണ്ടൊക്കെയാകെയൊരിക്കൽ മാത്രം
വന്നണയുന്നൊരു സൗഭാഗ്യമത്രേ
ഈ പുത്തൻമണമോലും പൊൻപുടവ.
കൊല്ലമൊന്നങ്ങനെ കാത്തിരിപ്പൂ
തൊട്ടും പിടിച്ചും ഭംഗി നോക്കാൻ, പിന്നെ-
കണ്ണാടി നോക്കി ചന്തമളക്കാൻ
ഇക്കാലമക്കൊതിയെങ്ങോ മറഞ്ഞു പോയ്
പുതുമയും പുത്തനങ്ങറ്റു പോയി
ആഘോഷമനവധി വസ്ത്രങ്ങളനവധി
അതിലൊന്നു മാത്രമാണിന്നീയോണക്കോടിയും
മുത്തശ്ശി ചൊല്ലുന്നു പായാരമെങ്കിലും
സത്യകഥയും മറ്റൊന്നുമല്ല
പുതുമയൊന്നുമേ ചൊല്ലുവാനില്ലാത്ത
പുടവകളായിരമതിലൊന്നു മാത്രം
ഇന്ന് ഓണക്കോടിയീയുത്സവക്കോടി !
ലേഖാ ജസ്റ്റിൻ