പ്രകൃതിയാം മാതാവിൻ മടിത്തട്ടിലെ
ഒരു പൈതലാണല്ലോ ഞാനും
കലപില ശബ്ദവുമായി കാക കൂട്ടങ്ങൾക്കൊപ്പം അർക്കന്റെ രശ്മികളെന്നെയുണർത്തുന്നു
കർണ്ണത്തിലാനന്ദമായ് കുയിലിൻനാദം കേൾപ്പൂ
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വാടിയിൽ വിരിഞ്ഞുള്ള പൂക്കൾ തൻ സുഗന്ധവും ആസ്വദിപ്പു ഞാനാവോളം മഹാഭാഗ്യം.
തട്ടിയും തടഞ്ഞും കൊഞ്ചി കുഴയുമാ പുഴയുടെ ശ്യംഗാരം നയന മനോഹര കാഴ്ചയല്ലോ
തീരത്തെ പുണരുമാ ആഴിതൻ പ്രണയം ചൊടിയിലറിയാതെ പുഞ്ചിരിയേകിടുന്നു
ഹരിതാഭയാൽ മൂടിയ വയലിൽ തിളങ്ങുന്ന നെൽക്കതിർ തുമ്പിൽ തലോടി നടക്കാനെന്തു രസം
പൗർണമിചന്ദ്രനും താരകവും നിറഞ്ഞൊരു വാനത്തിൻ സൗന്ദര്യവും
നിലാവിൽ കുളിച്ച ഭൂമിതൻ നാണവും
കേര നിരകളാടിത്തിമിർക്കും തൊടികളും
പൂക്കളിൽ തേൻ നുകർന്നിടും തുമ്പികൾ, ശലഭങ്ങൾ പാറിപറന്നുല്ലസിച്ചും
പ്രകൃതീ നീയെത്ര സുന്ദരി.
നിഷാബാബു