പായസമെന്നു പറയുമ്പോൾ മധുരതരമായ ഓർമ്മകൾ തന്നെയാണ് മനസ്സിലുണരുന്നത്. ഇന്നത്തെ ഇൻസ്റ്റന്റ് പായസം മിക്സുകളൊന്നുമില്ലാത്ത , വിശേഷാവസരങ്ങളിൽ മാത്രം പായസമധുരം ലഭിച്ചിരുന്നൊരു ബാല്യം ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽപ്പുണ്ട്. പായസത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളുടെ മായാത്ത ചിത്രങ്ങൾ മനസ്സിന്റെ കാൻവാസിൽ ഇന്നും ചിത്രചാരുത പകരുന്നു. അന്നത്തെ രുചികൾ ഇന്നു കാലത്തിന്റയേടുകളിലെങ്ങോ മറഞ്ഞു പോയി. ഇന്നു സ്വന്തമായി പായസമുണ്ടാക്കുമ്പോഴും അമ്മരുചിയുടെ സ്നിഗ്ധസ്പർശത്തിനായുള്ളം കൊതിക്കും. ജീവിതം പകർന്ന സമ്മിശ്രരുചികളിലും പായസത്തിനെന്നും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ കരസ്പർശമാണ്.
****നിഷിബ എം നിഷി****