ഓണാഘോഷവും കുപ്പിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മഹാബലിയെ സ്വീകരിക്കാൻ മദ്യ ചശകം ആവശ്യമാണോ?. പൂക്കളങ്ങളും, ഓണസദ്യയുംഒക്കെ ഒരുക്കി മാവേലി തമ്പുരാനെ കാത്തിരിക്കുന്ന കാഴ്ച്ചകളാണ് പഠിച്ചതത്രയും.കള്ളവും ചതിയും ജാതിയതയും വംശീയതയും ഇല്ലാത്ത, ഭരണീയരെ ഒന്ന് പോലെ കാണുന്ന ഒരു നല്ല ഭരണം ഇവിടെ നടന്നിരുന്നു എന്ന ഓർമ പുതുക്കൽ ആണ് ഓരോ വർഷത്തെയും ഓണഘോഷം കൊണ്ടു ഉദ്ദേശിക്കുന്നത്. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഒരാളും പട്ടിണി കിടക്കരുത് എന്ന കരുതലിലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നത്. പക്ഷെ കെട്ടു താലി പൊട്ടിച്ചും ഓണത്തിന് കുപ്പി പൊട്ടിക്കണം എന്ന നിലക്ക് മലയാളി എങ്ങനെ വളർന്നു.
കഴിഞ്ഞ ഓണത്തിന് ഉത്രാടത്തിന്റെ അന്ന് മാത്രം കേരള ബീവറേജ് കോപ്പറേഷൻ വിറ്റത് 624കോടി രൂപയുടെ മദ്യമാണ്. ഇതൊക്കെയും നിർമാണ മാർഗത്തിലുള്ള പണം ചിലവഴിക്കൽ ആണെന്ന് ആരും പറയുകയില്ലല്ലോ. സർക്കാരിന് ഏറ്റവും കൂടുതൽ ടാക്സ് കിട്ടുന്നത് മദ്യത്തിൽ നിന്നാണ്. അത്കൊണ്ട് മദ്യവർജന നയം അവരുടെ അടുത്ത് നിന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഒരു ഗവണ്മെന്റ് തന്നെ സ്വന്തം പൗരന്മാരുടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന സംഗതിയെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ….
എന്റെ മകളുടെ ഫ്രണ്ട്ന്റ പിതാവ് കുടിച്ചു കുടിച്ചു കരൾ നശിപ്പിച്ചു. ഭാര്യയെ എല്ലാവരും നിർബന്ധിച്ചു അവരുടെ കരൾ കൊടുപ്പിച്ചു. കരൾ മാറ്റ സർജറി കഴിഞ്ഞു ഒരാഴ്ച പിന്നിട്ടപ്പോൾ ആ അമ്മ മരിച്ചു. അയാൾ രക്ഷപെടുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ പ്രമുഖയായ സോഷ്യൽ ആക്റ്റീവിസ്റ്റ് ഭർത്താവ് കള്ള് കുടിയൻ ആയതിനാൽ പേടിച്ചു വിറച്ചു കഴിഞ്ഞ നാളുകളെ കുറിച്ച് എഴുതിയിരുന്നു.അവരും രണ്ട് മക്കളും രാത്രി മുഴുവൻ അയാളെ പേടിച്ചു മഴയത്തു പുറത്തിറങ്ങി നിന്നത് അവർ ഓർമിക്കുന്നുണ്ട്. പങ്കാളിയിൽ നിന്ന് ഡിവോഴ്സ് വാങ്ങിയതിനു ശേഷമാണു അവർ മനസമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത്. സ്വന്തം ആയി ജോലിയും കൈ പിടിക്കാൻ ഒരു കുടുംബവും ഉള്ളത് കൊണ്ടു അവർക്ക് അതിൽ നിന്നും ഇറങ്ങി നടക്കാൻ ആയി. അതൊന്നും ഇല്ലാത്ത എത്രഎത്ര വീട്ടമ്മമാർ ഗൃഹ നാഥന്റെ കുടി മൂലം നരക യാതന അനുഭവിക്കുന്നു. അവരുടെ മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, മാനസിക സംഘർഷങ്ങൾ. പഠനത്തിനും മറ്റു ചിലവിനും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥ. ഇതിനൊക്കെ ഭരിക്കുന്നവർക്ക് എന്ത് മറുപടി ആണ് പറയാനുള്ളത്? അത് മാത്രമല്ല ലഹരി മൂലം ഉണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങൾ. ലഹരി പുറത്തു ചെയ്യുന്ന കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും എണ്ണം ഓരോദിവസവും വർധിച്ചു വരുന്നു. കവർച്ച, പിടിച്ചു പറി എന്നിവ വേറെയും.എണ്ണിയാലോടുങ്ങാത്ത തിന്മകളുടെ മാതാവാണ് ലഹരിയെന്നു നമുക്ക് കാണാൻ പറ്റും.
മദ്യത്തിനും മയക്കു മരുന്നിനും എതിരെ പല രൂപത്തിലൂള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും സമൂഹത്തിൽ ഇതിന്റെ ഉപയോഗവും വിതരണവും വർധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്. സ്കൂൾ കുട്ടികൾക്ക് പോലുംനിർലോഭം മയക്കു മരുന്ന് ലഭിക്കുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത്.
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഇതൊരു പരിധി വരെ തടയാൻ സാധിക്കും. ചെറിയ പ്രായത്തിലെ ബാഡ്ടച്ച് മറ്റും പറഞ്ഞു കൊടുക്കും പോലെ ലഹരിക്കെതിരെയും അവരെ ബോധവത്കരിക്കണം. അത് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടം എല്ലാം പറഞ്ഞു കൊടുക്കണം.ഇനി വീട്ടിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ അവരിൽ നിന്നും കുട്ടികളെ മാറ്റി നിർത്തണം. അത് മോശം കാര്യമായി പഠിപ്പിച്ചാൽ, അതു മൂലം നിങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പങ്ക് വെച്ചാൽ കുട്ടികൾ വിട്ടു നിൽക്കാം.. അതല്ലാതെ അവർക്ക് തൊട്ട് കൂട്ടാൻ അച്ചാറും ചിപ്സും ഒക്കെ കുട്ടികളുടെ അടുത്ത് കൊടുത്തയക്കുകയാണെങ്കിൽ അച്ഛനും മക്കളും ഒന്നിച്ചിരുന്നു കുടിച്ചു നശിക്കുന്ന മധുര മനോഹര കാഴ്ച കാണേണ്ടി വരും.
6 Comments
മദ്യപാനമെന്ന സാമൂഹ്യവിപത്ത്, ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
മദ്യമില്ലാതെ എന്ത് 9ഓണം, എന്ത് ആഘോഷം.
നന്നായി എഴുതി 👍
❤️❤️
👍
🥰🥰
മദ്യാസക്തി നശിപ്പിച്ച എത്രയെത്ര കുടുംബങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. ഇന്ന് സ്ത്രീകളും പിന്നോട്ടല്ലെന്നു തോന്നുന്നു. ഇതിനൊന്നും ഒരു പരിഹാരവുമില്ലേ
എഴുത്തു നന്നായിട്ടോ❤️❤️