തിരുവാവണി രാവ്… മനസ്സാകെ നിലാവ്…
ക്വാർട്ടേഴ്സിലെ ഓണക്കാലം ആദ്യമൊക്കെ വല്ലാതെ വിരസമായി തോന്നിയിരുന്നു. കാരണം ക്വാർട്ടേഴ്സിലെ താമസക്കാരിൽ ഒട്ടുമുക്കാൽ ആളുകളും ഓണാവാധിക്കായി സ്കൂൾ അടയ്ക്കുന്ന അന്ന് തന്നെ സ്വന്തം നാട്ടിലേക്ക് പോകും. പിന്നെ അവിടെയൊക്കെ ആകെ ഒരു ഉറങ്ങിയ പ്രതീതിയായിരിക്കും.
ഞങ്ങളാണെങ്കിൽ മിക്കവാറും മധ്യവേനലവധിക്ക് മാത്രമേ നാടായ കൊടുങ്ങല്ലൂരിലേക്ക് പോകാറുണ്ടായിരുന്നുള്ളു.
ഞങ്ങളെപ്പോലെ നാട്ടിൽ പോകാത്ത ചില കൂട്ടുകാരുമൊത്ത് ചാറ്റമഴയൊന്നും വകവെക്കാതെ വീടിന്റെ ചുറ്റുവട്ടത്ത് നിന്നും പൂക്കൾ പറിച്ച്, വീടിന്റെ ഇറയത്ത് ചെറിയ പൂക്കളം ഇടാറുണ്ടായിരുന്നു. ഞങ്ങളുടെയൊക്കെ മാതാപിതാക്കൾ അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകിയിരുന്നു.
ഞങ്ങളുടെ ക്വാർട്ടേഴ്സ് ഒരു കുന്നിൻ മുകളിലായിരുന്നു. കുന്നിനു താഴെ താമസിച്ചിരുന്ന റബ്ബർ ബോർഡിൽ തന്നെ ജോലിചെയ്തിരുന്ന ഉണ്ണിയങ്കിളിന്റെ വീട്ടിൽ നിന്നാണ് ഞാൻ ആദ്യമായി ഓണസദ്യ കഴിച്ചത്.
ഉണ്ണിഅങ്കിളിന്റെ മക്കളായ ലേഖചേച്ചിയും, ഗീതചേച്ചിയും, ഉഷയുമെല്ലാം എന്റെയും ഇത്താമാരുടെയും കൂട്ടുകാരായിരുന്നു.
ഓണ സദ്യ ഒരുക്കുമ്പോൾ അങ്കിളാണ് അവിടുത്തെ പ്രധാന പാചകക്കാരൻ. സ്ത്രീജനങ്ങളൊക്കെ സഹായികൾ മാത്രം.
ആണുങ്ങൾ പാചകം ചെയ്യുകയോ… വീട്ടിൽ ചായ കുടിച്ച ഗ്ലാസ് പോലും മാറ്റി വെക്കാത്ത വാപ്പാനെ കണ്ടു വളർന്ന എനിക്ക് അതൊക്കെ വലിയ അതിശയമായിരുന്നു.
ഇലയിട്ട് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ചോറുണ്ണാൻ ഞാൻ പെട്ടിരുന്ന പാട്… തലയും കുത്തി ചോറിലേക്ക് വീണു പോകുമോ എന്ന് പോലും പേടിച്ചിരുന്നു.
സദ്യ ഉണ്ണാൻ തുടങ്ങുമ്പോൾ എല്ലാ കറികളും കൂടെ കൂട്ടിക്കുഴച്ച് തിന്നാൻ തുടങ്ങിയ ഞങ്ങളെ, അങ്കിൾ കളിയാക്കി ചിരിച്ചു. ആദ്യം പരിപ്പും നെയ്യും ഇട്ടാണ് സദ്യ ഉണ്ട് തുടങ്ങേണ്ടതെന്നൊക്കെ അങ്കിളാണ് ആദ്യമായി പറഞ്ഞുതന്നത്.
സദ്യ കഴിഞ്ഞ് പാലടപ്രഥമനും പരിപ്പ് പ്രഥമനുമടക്കം നാലു തരം പായസം കഴിച്ചു കഴിയുമ്പോൾ നടക്കാൻ പോലും പറ്റാത്ത വിധത്തിൽ വയർ നിറഞ്ഞിട്ടുണ്ടാകും.
പിന്നെ ആ വീടിന്റെ പറമ്പിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ എത്രനേരം ആടി ആയാലും മതിയാവില്ലായിരുന്നു. ഒന്നും രണ്ടും മൂന്നും പേരൊക്കെ ഒരുമിച്ച് ഇരുന്നും നിന്നുമെല്ലാം ഊഞ്ഞാലാടി തിമിർക്കും.
പിന്നെ ഒരാളെ ആട്ടികൊണ്ട് ഊഞ്ഞാലനടിയിലൂടെ നൂഴ്ന്നു ഒരു പോക്കുണ്ട്. ഞാനതിൽ വിരുതത്തി ആയിരുന്നു. പക്ഷേ ഒരു പ്രാവശ്യം ആ പോക്കിൽ തലയും കുത്തി വീണു നെറ്റിയൊക്ക പൊട്ടി.
പക്ഷേ അന്നൊന്നും അതൊരു പ്രശ്നമേ അല്ലായിരുന്നു.
ഉമ്മ വഴക്ക് ഒക്കെ പറഞ്ഞെങ്കിലും, പിന്നീട് ഒരിക്കലും അതിന് പോകണ്ട എന്ന് പറഞ്ഞ് വിലക്കിയിട്ടില്ല.
ഞാനടക്കമുള്ള ഇന്നത്തെ അമ്മമാർ കുട്ടികളുടെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധാലുക്കളാണ് എന്നെനിക്ക് തോന്നാറുണ്ട്. അവരുടെ ആത്മധൈര്യത്തിന് അല്പം ഇടിവ് വരുത്തുന്നുണ്ട് എന്നാണ് എന്റെ ഒരു വിലയിരുത്തൽ.
ആണുങ്ങളുടെ വടംവലിയടക്കം പലതരം കളികളൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ സന്ധ്യമയങ്ങാറായിട്ടുണ്ടാകും.
ജാതിമതഭേദമന്യേ ഒരു മനസ്സായി ആഘോഷിച്ചിരുന്ന അന്നത്തെ ഓണത്തിന്റെ പൊലിമയും സന്തോഷവും ഒന്ന് വേറെ തന്നെയായിരുന്നു.
പിന്നീട് റബ്ബർബോർഡ് റസിഡൻഷ്യൽ അസോസിയേഷൻ, റിക്രിയേഷൻ ക്ലബ്ബ് ഒക്കെ തുടങ്ങി കഴിഞ്ഞപ്പോൾ ഓണാഘോഷങ്ങൾ ഒക്കെ കുറേക്കൂടെ വർണ്ണാഭമായി.
പാട്ടും, ഡാൻസും, കഥാപ്രസംഗവും, വില്ലടിച്ചാൻ പാട്ടും, വടംവലിയും ലേഡീസ് വിങ്ങിന്റെ വകയായി പൂക്കളമിടൽ ഒക്കെയായി ഓണാഘോഷം പൊടിപൊടിക്കും.
ഒരിക്കൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പൂക്കള മത്സരത്തിൽ എന്റെ ഉമ്മ അടക്കമുള്ള ക്ലബ്ബിന്റെ ലേഡീസ് വിംഗ് പങ്കെടുക്കാനായി ഒരുങ്ങി.
അന്ന് പൂക്കൾ വാങ്ങി കളം ഇടുന്ന പരിപാടികളൊന്നുമില്ലായിരുന്നു.
റബ്ബർ ബോർഡ് ഓഫീസിന്റെ ഗാർഡനിൽ പല വർണ്ണങ്ങളുള്ള ധാരാളം പൂക്കൾ ഉണ്ടെങ്കിലും, കേന്ദ്ര ഗവൺമെന്റ് സ്ഥാപനം ആയ ഓഫീസിന്റെ മുറ്റത്തുനിന്ന് അത് പറിക്കാനുള്ള അനുവാദം ഞങ്ങൾക്കുണ്ടായിരുന്നില്ല. മാത്രമല്ല കോട്ടയം നഗരസഭ നടത്തുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ പൂന്തോട്ട മത്സരങ്ങളിൽ മിക്കവാറും റബ്ബർ ബോർഡിന്റെ പൂന്തോട്ടങ്ങൾക്ക് സമ്മാനം ലഭിക്കാറുണ്ട്.
ഞങ്ങളടക്കമുള്ള പലർക്കും സ്വന്തം വീട്ടുമുറ്റത്ത് ചെറിയ പൂന്തോട്ടമൊക്കെ ഉണ്ടെങ്കിലും, പൂക്കളത്തിന് ആ പൂക്കൾ മതിയാവില്ലായിരുന്നു. മാത്രമല്ല ഇതൊരു മത്സരം അല്ലേ… ഒരുപോലെയുള്ള പൂക്കൾ ധാരാളം വേണമായിരുന്നു.
അങ്ങനെ ഞങ്ങൾ കുട്ടികളും വലിയവരും പല പല ഗ്രൂപ്പുകളായി കുന്നിറങ്ങി താഴെയുള്ള വീടുകളിൽ ഓരോന്നിലായി കയറിയിറങ്ങി.
പൂക്കൾ തേടിയുള്ള ആ യാത്ര വളരെ രസകരമായിരുന്നു. ചില വീട്ടുകാർ ഞങ്ങളുടെ ആഗമനോദ്ദേശം അറിഞ്ഞപ്പോൾ സന്തോഷത്തോടെ പൂക്കൾ മാത്രമല്ല, കഴിക്കാനും കുടിക്കാനും വരെ തന്നു സൽക്കരിച്ചു.
ചിലർ കേട്ട ഭാവം നടിക്കാതെ വാതിലുകൾ കൊട്ടിയടച്ചു.
വീട്ടുമുറ്റത്ത് കയറാതിരിക്കാൻ ആയി പട്ടിയെ അഴിച്ചു വിട്ടവർ വരെ ഉണ്ടായിരുന്നു.
അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല. ഓമനിച്ചു വളർത്തുന്ന ചെടികൾ, പൂക്കൾ പറിക്കുമ്പോൾ ഞങ്ങൾ കുട്ടിപ്പട്ടാളം ചിലപ്പോൾ ചെടികളൊക്ക നാശകോശമാക്കും.
ചിലയിടത്ത് നിന്ന് ഞങ്ങൾ അനുവാദം ചോദിക്കാതെ തന്നെ പൂക്കൾ പറിച്ചെടുത്തു. വേലികളിലും, റോഡ് സൈഡിലും വരെ നിന്ന പൂക്കൾ ഞങ്ങൾ പറിച്ചു കവറിനുള്ളിലാക്കി.
മുള്ളുകൾ കൊണ്ട് കയ്യും കാലും മുറിയുന്നതോ, പാമ്പും എട്ടുകാലിയും അടക്കമുള്ള ക്ഷുദ്ര ജീവികളെ കാണുന്നതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല.
യാതൊരു പേടിയും പരിഭ്രമവും സങ്കടങ്ങളും ഇല്ലാതെ സന്തോഷത്തോടെ, ചിത്രശലഭങ്ങളെ പോലെ പാറി നടന്ന ആ മനോഹര കാലം… വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.
മത്സര ദിവസം രാവിലെ തന്നെ ജോ, ജിക്കു, ജെറി, രഞ്ജു, സഞ്ജു, സിന്ധു, അനിമോൻ, രാജി, ലക്ഷ്മി, റ്റോജോ പിന്നെ ഞങ്ങളുമടക്കമുള്ള കുട്ടി പട്ടാളത്തിന്റെ അകമ്പടിയോടെ മത്സരാർത്ഥികളായ ശ്രീദേവി ആന്റി, ഗിരിജയാന്റി, ശാന്തമ്മാന്റി, ലിസിയാന്റി, തങ്കാന്റി, എന്റെ ഉമ്മയടക്കമുള്ള ആറംഗസംഘം
ഒരു വാനിൽ മാമ്മൻ മാപ്പിള ഹാളിൽ എത്തി. ഓണപ്പാട്ടുകൾ ഒക്കെ പാടി വളരെ ആഹ്ലാദത്തോടെ ഉള്ള ഒരു യാത്രയായിരുന്നു അത്.
ലയൺസ് ക്ലബ്ബിന്റെ ലേഡീസ് ഉൾപ്പെടെ 10, 12 ഗ്രൂപ്പുകൾ പൂക്കള മത്സരത്തിനായി എത്തിയിട്ടുണ്ടായിരുന്നു.
ഞങ്ങളുടെ പൂക്കളത്തിന്റെ ഡിസൈൻ വരയ്ക്കാനായി റബ്ബർ ബോർഡിലെ ആർട്ടിസ്റ്റ്, ഞങ്ങളുടെ ആർട്ടിസ്റ്റ് അങ്കിൾ അവിടെ വരയ്ക്കാൻ റെഡി ആയി നിൽപ്പുണ്ടായിരുന്നു.
നിലവിളക്ക് കത്തിച്ച് വെച്ച്, പൂക്കുടയിൽ നിന്നും പൂക്കളെടുത്ത് പൂക്കളമിടുന്ന ഒരു ശാലീന സുന്ദരി ആയിരുന്നു അങ്കിൾ വരച്ച ഡിസൈൻ.
പച്ചനിറത്തിന്റെ പശ്ചാത്തലത്തിൽ ചുവന്ന ബ്ലൗസും വെള്ളമുണ്ടുമുടുത്ത്, മഞ്ഞ നിലവിളക്ക് കത്തിച്ചു വെച്ച് പല വർണ്ണ പൂക്കൂടയിൽ നിന്നും പൂക്കളിടുന്ന ശാലീന സുന്ദരിയുടെ പൂക്കളം അതിമനോഹരമായിരുന്നു.
വിധികർത്താക്കൾ പൂക്കളം കണ്ടു മാർക്കിട്ടതിന് ശേഷം പൊതുജനങ്ങൾക്കു കാണാനായി അനുവാദം ഉണ്ട്. കണ്ടവരെല്ലാം പറഞ്ഞു ഒന്നാം സമ്മാനം ഞങ്ങളുടെ ശാലീന സുന്ദരിക്ക് തന്നെ കിട്ടുമെന്ന്.
പക്ഷേ വിധി വന്നപ്പോൾ ഞങ്ങൾക്ക് വെറും പ്രോത്സാഹനസമ്മാനം മാത്രം. ഒന്നും രണ്ടും സ്ഥാനങ്ങൾ സ്ഥിരം കൊണ്ടുപോകുന്ന ക്ലബ്ബുകൾക്ക് തന്നെ. ഞങ്ങളെല്ലാവരും ആകെ സങ്കടത്തിലായി.
“ഇത് നിങ്ങളുടെ ഒത്തുകളിയാണ് ഞങ്ങൾക്ക് ഇതിൽ പ്രതിഷേധമുണ്ട്…”
സ്വതവേ മുൻകോപി ആയ ആർട്ടിസ്റ്റങ്കിൾ പൊട്ടിത്തെറിച്ചു.
പൂക്കള മത്സരത്തിൽ എപ്പോഴും പൂക്കൾ കൊണ്ടുള്ള ഡിസൈൻ ആണ് ചെയ്യേണ്ടത്. രൂപങ്ങൾ വരച്ച് അതിൽ പൂ കൊണ്ട് അലങ്കരിച്ചു പൂക്കളം ആക്കുന്നത് മത്സരത്തിന് പരിഗണിക്കാനാവില്ല. എന്നിട്ടും പൂക്കളത്തിന്റെ ഭംഗി കണക്കിലെടുത്താണ് പ്രോത്സാഹന സമ്മാനം തന്നത്. എന്നതായിരുന്നു സംഘാടകരുടെ വിശദീകരണം.
ആർട്ടിസ്റ്റ് അങ്കിളിന്റെ ദേഷ്യം തണുപ്പിക്കാൻ സംഘാടകരുടെ വിശദീകരണം ഒന്നും മതിയായില്ല.
കിട്ടിയ പ്രോത്സാഹനസമ്മാനം പോലും വാങ്ങാൻ നിൽക്കാതെ നിരാശരായി ഞങ്ങൾ തിരിച്ചു പോന്നു.
അങ്ങോട്ട് പോകുമ്പോൾ പാട്ടുകൾ പാടി ആഘോഷമായി പോയ ഞങ്ങൾ തിരിച്ച് വരുമ്പോൾ ആകെ മൂകരായിരുന്നു.
ഇന്നും പൂക്കളമത്സരം എന്ന് പറയുമ്പോൾ, ഈ ഓർമ്മയാണ് മനസ്സിലേക്ക് ആദ്യം വരുന്നത്.
5 Comments
ഓർമ്മകളുടെ പൂക്കാലം👌👌🥰
നല്ല ഓർമ്മകൾ 😍
Love this
👍🏻👍🏻
❤️