അന്ന്, ശ്രുതി താണ
കാലത്തിൽ ചാരി
അമ്മ പാടി
കേട്ടുകേട്ടുറങ്ങിയ
താരാട്ടിലെല്ലാം
രാമനാൽ
ത്യജിക്കപ്പെട്ടൊരു
സീതയുടെ
വെയില് കുടിച്ചുടല്
പൊള്ളിയടർന്നതിന്റെ
ഈണവും
കൂരക്കകത്തെ മഴയുടെ
ജലധാരക്കൊപ്പം
കരളിലെ തോടും
പുഴയുമൊക്കെ
നിറഞ്ഞു കവിഞ്ഞും
കള്ളക്കർക്കിടകത്തിലെ
കാണാത്ത വറ്റിന്റെ പഞ്ഞവും
തെറ്റാതെ താളവും
പിടിച്ചതിനാലാവാം
നിദ്രയുടെ നേരങ്ങളിൽ വഴിയന്വേഷിച്ചിടാതെ
എന്നിലെ ഉണ്ണിയിൽ
അത്രമേലുറക്കം വന്ന്
കൺപൂട്ടിയത്..