സഹിച്ചതൊക്കെയും തഴമ്പിച്ച കനപ്പാണത്. മുടിക്കെട്ടിന് ചുറ്റിപ്പിടിച്ച് മൂലയിലേക്ക് വലിച്ചെറിയപ്പെട്ട തിണർപ്പുകളാണത്. നിസ്സഹായതയുടെ ചുവരിൽ എന്നെ ചാരിവച്ച പാടുകളാണത്. പെയ്തുപോയേക്കാവുന്ന ഉരുണ്ടു കൂടലുകളുടെ കാർമേഘ കണങ്ങളാണത്.. കറുപ്പൊരു കടലാണ്! അകമേ തിളച്ചുമറിഞ്ഞ് ഇടുപ്പുപൊട്ടി നീരൊലിക്കും കരിങ്കടൽ..
Author: സിന്ധു ഭാരതി
സ്‌നേഹവും പരിഗണനയും ആണ് അർഹതയെ വാതിൽ തുറന്നകത്തേക്ക് ക്ഷണിക്കുന്നത്. സൂചിയിൽ നൂല് കോർക്കുന്നത്ര സൂഷ്മതയിൽ അതിനെ അവർ സ്വീകരണ മുറിയിൽ ആനയിച്ചിരുത്തുകയും ചെയ്യും.
ഇന്ന് നിലാവായ് വന്നു വെളിച്ചമേകരുതേ നാളെ കാർമേഘമായ് വന്ന് മൂടിക്കെട്ടുവാനാണെങ്കിൽ..
അറിഞ്ഞു കഴിഞ്ഞെന്നു നിനക്കുമെങ്കിലും കെട്ടുപിണഞ്ഞ അഴിയാ ദൂരങ്ങൾ ബാക്കിവയ്ക്കും പെണ്ണുടലുകൾ! ബലാത്സംഗം, ആസിഡാക്രമണം, ഭരണകൂടഭീകരത! ഇത്യാദിയാലെത്ര ചെത്തിയെറിഞ്ഞെന്നാലും ധമനികൾ തീണ്ടിയാളും ഹാ! അഗ്നിജ്വാലകൾ ഖാണ്ഡവസീൽക്കാരങ്ങൾ രൗദ്രദംശങ്ങൾ എത്രയെത്ര! സോണി സോറി, സുനിത കൃഷ്ണൻ! സ്വന്തം സാമ്രാജ്യത്തിൻ ഹരിതകണം വാരിച്ചുറ്റും സുസ്മേരയാം പെണ്ണാളുകൾ..
എന്നും എല്ലായ്പ്പോഴും ഒരാളുടെ കൂടെ കഴിയേണ്ടതില്ലെന്ന് നിഴൽ എന്നെ വായിച്ചു കേൾപ്പിച്ചു. ഒറ്റക്കാകുമ്പോഴും അറ്റുപോകില്ലെന്ന് ഞാൻ കറുപ്പിച്ച് എഴുതിച്ചേർത്തു..!
“എൻ്റെ സ്നേഹമേ…!!” ഒറ്റവട്ടമേ നീ വിളിച്ചുള്ളൂ അങ്ങനെ. എത്രവട്ടമീ തപ്തമദ്ധ്യാഹ്ന ഗ്രീഷ്മ പ്രപഞ്ചമായിരിക്കുന്നൂ ഞാൻ!
പ്രണയത്തിൽ നിന്ന് നിൻ്റെയീ പരിഭവത്തെ ഒന്നരിച്ചു മാറ്റാമോ ? ഓഹോ..! എങ്കിൽ, ജലത്തിന് നനവെന്ന പോലെ വിത്തിന് വിരിയലെന്ന പോലെ നിന്നിൽ പടരും പ്രണയാർദ്ര ഭൂപടം ആകുന്നതെങ്ങനെ ഞാൻ..?
ഒരിക്കൽ നീ പറഞ്ഞിരുന്നില്ലേ, ഭൂമിയുടെ ആഴത്തിലുള്ള ഏകാന്തത കണ്ട് മേഘം ഭൂമിക്കയക്കുന്ന കത്തുകളാണ് മഴയെന്ന്! നിന്നെ കാത്തുകാത്ത് എന്നിലെ വെള്ളക്കെട്ടുകൾ വരണ്ടതു കണ്ട് ദാഹിച്ചു മടങ്ങുന്ന എൻ്റെ പ്രേമത്തിൻ്റെ പാദവേരുകൾ കാണുന്നില്ലേ നീ? നനുത്ത നീലയക്ഷരങ്ങൾ വിരിച്ചൊരു മറുപടിക്കത്തയച്ച് എൻ്റെ വാനിലെ ഏകാന്തതയുടെ കിണർ നിറക്കണേ എൻ്റെ മേഘമേ, ഇനിയെങ്കിലും..
ആരൊക്കെയോ കണ്ടെത്തിയ വഴികളിലൂടെ തന്നെ അയാൾക്കും, ജിവിതത്തെ മരണം കൊണ്ട് ഹരിച്ചു വെട്ടിമാറ്റി തൻ്റെ ശരിയുത്തരം കിട്ടിയപ്പോൾ ശിഷ്ടം വന്നു സ്വപ്നങ്ങളെ കൂട്ടാനറിയാതെ ഭാര്യയും രണ്ട് പെൺമക്കളും! ജീവിതം പലപ്പോഴും ഒരു വഴിക്കണക്കാണ്..!! പ്രശ്നങ്ങളില്ലെങ്കിൽ ജീവിതമില്ലെന്ന് പഠിപ്പിക്കുന്ന കണക്കുകൂട്ടലുകളുടെ..
സ്‌നേഹത്തിൻ്റെ കൂട്ടിക്കിഴിച്ച കണക്ക് അറിയില്ല. തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ ചരിത്രവും സയൻസും സൂഷ്മമായി വായിച്ചെടുക്കാനും പറയാനും അറിയില്ല. പക്ഷെ സ്‌നേഹം എന്ന മാതൃഭാഷയിൽ മനോഹരമായി കവിതകൾ രചിക്കും. അതിൻ്റെ വലിയ പരീക്ഷകളിൽ ഒന്നാമനും ആകും..
