ഒരിത്തിരി മതി കുന്നോളം സങ്കടപ്പെടാൻ.. ആ ഇത്തിര്യേക്കാളും ഒരു തരി മതി വാനോളം സന്തോഷിക്കാൻ അവളൊരുത്തിക്ക്..
Author: സിന്ധു ഭാരതി
അൻപായിരുന്ന മതങ്ങൾ അമ്പുകളാകുന്നു. വരണമാല്യങ്ങൾ മരണപാശങ്ങളാകുന്നു പ്രണയനിരാസങ്ങൾ പ്രതികാര കഷ്ണങ്ങളാകുന്നു. പിഞ്ചിളം മേനികൾ ചവച്ച് പീച്ചിക്കൂട്ടിയ മാമ്പൂക്കളാകുന്നു കലികാലമെന്നല്ലേ ചൊൽവേണ്ടൂ!!
രാജ്യത്തിന്റെ സ്ത്രീകൾ മുൻപില്ലാത്തവണ്ണം നടുറോഡിൽ വലിച്ചിഴക്കെട്ട് പൊതുമധ്യേ ബലാത്സംഗം ചെയ്യപ്പെട്ട്, പാടത്തും തരിശു നിലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. നിന്ന നിൽപ്പാലേ വറ്റിപ്പോയ പുഴയാകുന്നു. മറ പോലും വേണ്ടിവരാത്ത ബലാത്സംഗങ്ങൾ! കലികാലം!!
ചൂടാനെടുക്കില്ലെന്നറിഞ്ഞിട്ടും ആരുടേയും പരിഗണനക്ക് കാത്തുനിൽക്കാതെ വിടരുന്നു പൊഴിയുന്നു. സ്വന്തം കഴിവിലാത്മാവർപ്പിച്ച് ആത്മവിശ്വാസത്തോടെ കർമ്മങ്ങൾ ചെയ്യുക. ജീവിത പാംങ്ങളുടെ ചെമ്പൂവ് ചെമ്പരത്തി!
അങ്കമാലിയർച്ചനയിൽ നിന്നായിരുന്നു അന്നമ്മക്കൊരു പൊൻ കസവു വാങ്ങീത്. ഒന്നുറങ്ങാൻ കിടന്നതാ പിന്നെയുണർന്നതേയില്ല! അവിടന്നങ്ങോരോ ഓണനാളും ഒരു ചിങ്ങപ്പെയ്ത്ത് മാത്രം ബാക്കിയാക്കി ആ ഓണക്കോടി വെള്ളപുതച്ചു. അർച്ചനക്കിന്ന് പുതുനാമ രൂപഭാവങ്ങൾ.. നിർമ്മിതികളില്ലാ ഓർമ്മകൾ പതഞ്ഞു ജീവിതച്ചെരുവിൽ കാന മാത്രം കീറുന്നു , കരളിലെ തോടും പുഴയും കവിഞ്ഞൊഴുകി ഓരോ ഓണക്കോടികളേയും നനഞ്ഞു കുതിർത്ത്..
നാട്ടിലെ മുത്തി, പാറുവമ്മ നെയ്തന്ന തഴോല പൂവട്ടിയുമായ് ബാല്യം രാക്കര കുന്നേറും. കാശിത്തുമ്പ കാക്കപ്പൂ കണ്ണാന്തളി കാട്ടുചേമന്തി മുക്കൂറ്റി തുമ്പപ്പൂ.. ഹായ്..! പൂമൂടിയ പച്ചക്കാട്, വട്ടത്തിൽ വട്ടിയിലാദ്യ പൂക്കളമിടുന്നു. പിന്നെ അത്തമിടും, വ്രീളാവതി തുമ്പപ്പൂ. ചോന്ന ചെമ്പരത്തി ചോതിയും വാലൻപൂ മൂലക്കളവും പത്തുനിറം പൂക്കളായുത്രാടവും തുമ്പയും തൃക്കാക്കരയപ്പനുമായ് തിരുവോണുവും ചാണകം മെഴും. ഒരുനാൾ മുത്തിയും പൂക്കളും പൂവട്ടിയുമൊരു കഥയായ്.. രാക്കരക്കുന്ന് ജെ സി ബി മെഴുകി.. എങ്കിലുമോർമ്മകൾ കുന്നിറങ്ങി ഓണമെത്തുമ്പോൾ തമിഴ്മക്കൾ, മഞ്ഞയും ചോപ്പും ജെമന്തിയും ചെണ്ടുമല്ലീമിരുന്നു മുറ്റത്തു മാവേലിക്കായ് പൂക്കുട നീർത്തുന്നു..
പലചരക്ക് കടകള് തുടങ്ങി പച്ചക്കറിച്ചന്ത വരെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി, ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി കാവറുത്തതും ശർക്കരപെരട്ടിയും വറുത്തുകോരി ഉത്രാടക്കളവുമിട്ട് ഉപ്പേരി പുളിയിഞ്ചി- യച്ചാറും കൂട്ടി ഒന്നാമോണോമു- ണ്ടേമ്പക്കോം വിടവേ ഉള്ളും പാഞ്ഞുകാളി.. തമ്പ്‌രാനേ..കീശ കാലിയായി!!
