എന്റെ നേരേ നിങ്ങളെറിഞ്ഞ ഓരോ കല്ലുകൾക്കും നന്ദി. അവയാണ് എന്റെ അടിത്തറയിലെ ഉറച്ച ഇഷ്ടികകൾ !!
Author: സിന്ധു ഭാരതി
നിങ്ങൾ നേര് പറയുമ്പോൾ നിങ്ങൾക്ക് നേരേ നുണയൻ ഭ്രാന്തനാകും. ബലവാനായ നിങ്ങളെ അത് ശാന്തനുമാക്കും.
എന്താണ് ഇപ്പോൾ ഈ പ്രഭാതത്തിൽ നിങ്ങൾക്കുള്ളത്.. അതിനെ അകമഴിഞ്ഞ് സ്നേഹിച്ചു തുടങ്ങുക, അടുത്ത പുലരി നഷ്ടങ്ങളെ സ്നേഹിച്ചു തുടങ്ങുവാൻ നിങ്ങളെ പഠിപ്പിക്കും മുമ്പ്..
നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ, നിങ്ങൾക്കുള്ളിലെ ചിന്തകളുടെ ഉത്കൃഷ്ടതയുടെ ജാലക മറവിലാണ്.
യുദ്ധം തകർത്ത അവശിഷ്ടങ്ങളിൽ രക്തച്ചീളുകളെഴുതുന്നു, ഇവിടൊരു വീടുണ്ടായിരുന്നു എന്റെ.. ഞങ്ങളുടെ.. അവരുടെ വീട്. ഇവിടൊരു ആകാശവും നടുമുറ്റവുമുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പാറിപ്പറന്നും പിച്ചവച്ചും നടന്നത്. ഇന്നാ മുറ്റത്ത് ഞാനില്ല ഞങ്ങളില്ല അവരില്ല. ഉള്ളത് പൊട്ടിത്തെറിച്ച മൃതഭാഗങ്ങൾ.. ശ്വാസം ബാക്കിയായ അവയവങ്ങളില്ലാ ദേഹക്കഷ്ണങ്ങളും.. കലിയിളകിയ ബോംബുകൾ കാർമേഘം പൂണ്ട് മഴയായ് പെയ്യുന്നതു കണ്ടോ ഞങ്ങളുടെ ആകാശത്ത്? ഒരിക്കലും നിങ്ങൾ കേൾക്കില്ല, ചോരകുടിച്ചു തളർന്ന വായു ഭേദിച്ചെത്തുന്ന ആ പിഞ്ചിളം നിലവിളികൾ. ടോർച്ചിന്റെ മങ്ങിയ ഏതാനും വെളിച്ചയിഴകളിൽ അനസ്തേഷ്യയില്ലാതെ പച്ചമാംസത്തിൽ കത്രിക കുത്തിയിറക്കിയ കീറിമുറിക്കലിന്റെ വാവിട്ട അലകളാണത്! ഞങ്ങളുടെ വൈദ്യുതി അവർ അപഹരിച്ചു! കേൾക്കാൻ പക്ഷെ, പേറ്റുനോവറിഞ്ഞ ആ ഉദരങ്ങങ്ങൾ പോലുമില്ല കേട്ടോ. എപ്പോഴേ ചിതറിത്തെറിച്ച് ഖബർ പൂണ്ടു.. അവര്!!! പക്ഷെ, ഒരു നാൾ സത്യം മറനീക്കി പുറത്തു വരുമ്പോൾ നിങ്ങൾ ഒരു തരത്തിലും പറഞ്ഞേക്കരുത്, ‘ഇതവരുടെ വീടായിരുന്ന്.. അവരിടങ്ങളിലെ മണ്ണായിരുന്നെന്ന്..’ കാരണം നിങ്ങൾ വെറും ഭീരുക്കളാണ്!! ഭീരുവിന്റെ ചിലമ്പിച്ച വാക്കുകൾ ഞങ്ങളുടെ വീടിന്റെ…
മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
നുരയും ആസക്തിയുടെ സിരകൾ ചൂട്പിടിച്ച് തിളച്ചു മറിയുമ്പോൾ മധുരമുള്ള വാക്കുകളുടെ നെയ് ചേർത്ത് രാവിന്റെ കിടപ്പറയിലേക്കവളെ അയാൾ കോരിയൊഴിക്കും. പേടിച്ച വിഭ്രാന്തി പൂണ്ട രതി സംയോഗങ്ങളിലവൾ ഉള്ള് പൊള്ളിവെന്ത് പൊന്തിപ്പിടയും. ബാക്കിയാവും പകലരികുകളിൽ ബാക്കിയുള്ളോരും പാകമൊത്ത താപത്തിൽ മദമാണ്ട പുലമ്പലുകളാലവളെ മൊരിച്ച് മൊരിച്ചുമെടുക്കും.
ഒരു രാത്രിയെങ്കിലും നമുക്ക് തമ്മിൽ തുന്നിയെടുക്കണം. പ്രണയത്തിന്റെ സൂഷ്മമായ കൊത്തുപണികളുള്ള നിന്റെ കണ്ണുകൾ നോക്കി നോക്കി രാവ് കഴിക്കണം. ജീവിക്കാതെ പോയ ജീവിതം ഉണ്ടുറങ്ങണം. വിഷാദമുഖിയായ കാലം നമുക്ക്, അടുത്ത ജന്മത്തിലേക്കുള്ള വഴി പറഞ്ഞുതരട്ടെ!
ഒന്നും തൊറന്ന് പറയൂലാ.. ഒക്കെ ഉള്ളിലൊതുക്കും. എന്തൂട്ടായാലും ന്നോട്.. പറഞ്ഞൂടേ..ന്ന് ഒരു നൂറ് വട്ടം ചോദിച്ചാലും പറയും, ഒന്നൂല്ലടീ.. ഞാനിത്തിരി നേരം ഒറ്റക്കിരിക്കട്ടേന്ന്.. എനിക്കറിയാം, എന്റെ വേദന കൂടി കണ്ട് നിക്കാൻ പറ്റാഞ്ഞിട്ടാന്ന്. അങ്ങനെ ഒറ്റക്കെല്ലാം കൊണ്ട് നടന്ന് നടന്ന് ചങ്ക് പൊട്ടിയാ ഇന്നെന്നെ ഒറ്റക്കാക്കി ഈ കെടപ്പ് കെടക്കണത് ദൈവമേ..
അന്ന്, ശ്രുതി താണ കാലത്തിൽ ചാരി അമ്മ പാടി കേട്ടുകേട്ടുറങ്ങിയ താരാട്ടിലെല്ലാം രാമനാൽ ത്യജിക്കപ്പെട്ടൊരു സീതയുടെ വെയില് കുടിച്ചുടല് പൊള്ളിയടർന്നതിന്റെ ഈണവും കൂരക്കകത്തെ മഴയുടെ ജലധാരക്കൊപ്പം കരളിലെ തോടും പുഴയുമൊക്കെ നിറഞ്ഞു കവിഞ്ഞും കള്ളക്കർക്കിടകത്തിലെ കാണാത്ത വറ്റിന്റെ പഞ്ഞവും തെറ്റാതെ താളവും പിടിച്ചതിനാലാവാം നിദ്രയുടെ നേരങ്ങളിൽ വഴിയന്വേഷിച്ചിടാതെ എന്നിലെ ഉണ്ണിയിൽ അത്രമേലുറക്കം വന്ന് കൺപൂട്ടിയത്..
