“എടീ പൂവാലി പെണ്ണെ, അടുത്ത ആഴ്ച നീ പുറത്തേക്ക് എങ്ങും ഇറങ്ങേണ്ട..” വൈകുന്നേരത്തെ ജോഗിങ് കഴിഞ്ഞ് എരുത്തിലിലേക്ക് മടങ്ങി വന്ന കാളേട്ടൻ ഭാര്യയോടായി ഗൗരവത്തിൽ പറഞ്ഞു.
“എന്തു പറ്റി കുട്ട്യോളെ അച്ഛാ, നിങ്ങൾക്ക് എന്നെ സംശയമാണോ?” പൂവാലിപ്പെണ്ണ് വിഷമത്തോടെ ചോദിച്ചു..
“ശ്ശേ, നീ എന്താടി പൂവാലി ഒരുമാതിരി സില്ലി മനുഷ്യരെപ്പോലെ..ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല..”
“പിന്നെന്താ?”
“ഞാൻ അമ്പലപ്പറമ്പിൽ മേഞ്ഞു നിൽക്കുമ്പോൾ ആളുകൾ പറയുന്നത് കേട്ടു, അടുത്ത ആഴ്ച എല്ലാരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന്…. ഇങ്ങ് വരട്ടെ, ഇരുകാലികൾ.. എന്റെ പെണ്ണിനെ കെട്ടിപ്പിടിക്കാൻ..”
“അയ്യോ കുട്ട്യോളെ അച്ഛാ ഞാൻ എന്തു ചെയ്യും.. എനിക്കാണേൽ ആ കറവക്കാരൻ അണ്ണാച്ചിയുടെ തോണ്ടലും തടവലും തന്നെ പിടിക്കുന്നില്ല, തൊഴിക്കാൻ തോന്നും പലപ്പോഴും…”
“അതെനിക്ക് അറിയാടീ പെണ്ണെ, അതല്ലേ ഞാൻ അവനിട്ട് ഇടയ്ക്ക് ഓരോ തൊഴി കൊടുക്കുന്നെ..”
“എങ്കിലും കാളേട്ടാ, വന്നു വന്ന്, നമ്മൾ മൃഗങ്ങൾക്കും രക്ഷയില്ലാതാകുമോ?”
“നമുക്ക് നോക്കാടീ, ഇല്ലെങ്കിൽ ഞാനെന്തിനാ നിന്റെ ഭർത്താവാന്ന് പറഞ്ഞു, കൊമ്പും കുലുക്കി ഈ വാലും തൂക്കി നടക്കുന്നെ.. ഹാ ഹാ..”