കഴുകാനുള്ള പാത്രങ്ങൾ ഒന്നൊന്നായി സ്ലാബിന് അരികിലേക്കായി എടുത്തു വെക്കുന്ന കൂട്ടത്തിൽ, ചില്ലുഗ്ലാസ് ഒരെണ്ണം അപ്രതീക്ഷിതമായി താഴേക്കു പോയി. സെറീന വില്ല്യംസിനെ പോലെ അഭ്യാസം കാണിച്ചിട്ടും ഗ്ലാസ് എന്റെ കൈയിൽ നിന്നും വഴുതി.
ചില്ലുഗ്ലാസ് അല്ലേ? ചെറിയൊരു ശബ്ദത്തോടെ താഴെ വീണു പൊട്ടിയത് കേട്ട്, എന്റെ ത്രീ ഇൻ വൺ കണവൻ പാഞ്ഞു അടുക്കളയിൽ എത്തി. ചക്ക വെട്ടിയിട്ട മാതിരി ഞാൻ വീണാൽ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ ആണ്!
സെർവ് മടക്കാൻ ബദ്ധപ്പെടുന്ന സെറീനയുടെ പോസിൽ നാൽപതഞ്ചു ഡിഗ്രി അകലത്തിൽ കാലുമായി ഞാൻ നിൽക്കുമ്പോ, ഞെട്ടിക്കുന്ന ചോദ്യം വന്നു.
“നീ ഇന്നും ഗ്ലാസ് പൊട്ടിച്ചോ?”
“ഞാൻ പൊട്ടിച്ചതല്ല.. അത് തനിയെ വീണു പൊട്ടിയതാ..”
“ഇതീന്ന് ഒരു കാര്യം മനസ്സിലായല്ലോ?”
“ഉം..”
“എന്ത് കും..”
“ശാസ്ത്രം ജയിച്ചു.. ഞാൻ തോറ്റു..”
“ങേ?” കണവൻ കണ്ണും തള്ളി എന്നെ നോക്കുന്നു.
“ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു… എന്നല്ലേ നമ്മൾ സയൻസിൽ പഠിച്ചത്. അതുകൊണ്ടാ എന്റെ പിടിയിൽ നിൽക്കാതെ താഴേക്കു പോയത്..”
“ആഹാ.. അവൾടെ ഒരു കണ്ടുപിടുത്തം… ഹും ഈ വീട്ടിലെ ചില്ലുഗ്ലാസ് മുഴുവൻ പൊട്ടിക്കുന്നത് നീയാ.. ഇനി മുതൽ നീ സ്പൂണിലോ തവിയിലോ ചായ കുടിച്ചാൽ മതി.”
അല്ല എന്നാലും അതെങ്ങനെ ശരിയാകുമെന്ന് ഞാൻ ചോദിച്ചില്ല..