ഭാര്യ വീട്ടിലും
ഭർതൃ വീട്ടിലും
വിരുന്നൊരുങ്ങിയതൊക്കെ
അവന്റെ നാവിന്റെ രുചിക്കനുസരിച്ചായിരുന്നു
അവനിഷ്ടമുള്ള വിഭവങ്ങളും
അവന്റെ ഇഷ്ടത്തിനുള്ള
പുളി എരിവ് മധുരം ഉപ്പ്
എന്നിവയും അമ്മായിഅമ്മ
അരുളിച്ചെയ്യും
അവളുടെ വീട്ടിലാവട്ടെ
“അവനെന്നാടി ഇഷ്ട്ടം”
എന്നൊരു ചോദ്യത്തിൽ
അവന്റെ പാകത്തിനുള്ള
രുചികൾ ഒക്കെയും
വിരുന്നിനു മുന്നിൽ നിറയും
സ്വന്തം നാവിന്റെ
രുചി മറന്നൊരുവൾ
പിന്നെയും
കാലങ്ങളോളം
അവനെന്നും വിരുന്നൊരുക്കും
കുറ്റപ്പെടുത്തലുകൾ നിറച്ച
കണ്ണുകൾ തുടച്ച്
അതവനെന്നും വിളമ്പിക്കൊടുക്കും