വീട്ടിൽ അടിച്ചു തെളിക്കാൻ വരുന്ന മുത്തുലക്ഷ്മിക്കിന്നെന്തോ പറ്റിയിട്ടുണ്ട്. ഭർത്താവുമായി വഴക്കിട്ടു കാണും, അല്ലെങ്കിൽ രാത്രി മുഴുവൻ ഇരുന്ന് തമിഴ് പടം കണ്ട് കാണും. എന്റെ നോട്ടം കണ്ടിട്ടവൾ പറഞ്ഞു “പസിക്കതമ്മാ. നേത്തിലിരുന്ത് ഒന്നുമേ ശാപ്പിടലേ.”
ജയിലിൽ നിന്നിറങ്ങി അയാളമ്മയുടെ അടുത്തെത്തി. തന്നെ കെട്ടിപിടിച്ചു കരയുന്ന അമ്മയെ നോക്കി അയാൾ പറഞ്ഞു, “എനിക്ക് വിശക്കുന്നമ്മേ.”
ഒരു രാവും പകലും നീണ്ട ദ്വന്ദയുദ്ധത്തിനൊടുവിൽ അവളൊരുണ്ണിയെ പെറ്റു. രണ്ടുടലും രണ്ടാക്കി തന്നതിന് വയറ്റാട്ടി മോളിൽ നോക്കി തൊഴുതു.
“എനിക്ക് വിശക്കുന്നു.”
“ഉണ്ണിക്കും.” വായടക്കാതെ കരയുന്ന കുഞ്ഞിനെ നോക്കിയവർ പറഞ്ഞു.