പതിനൊന്നു മണിയോടെ പൂർത്തിയാക്കിയ ആദ്യ ഫയൽ അടച്ചു വെയ്ക്കുമ്പോഴും കണ്ണുകൾ പോയത് എതിർവശത്തെ ഒഴിഞ്ഞ കസേരയിലേക്കാണ്. കാന്റീനിൽ ചായയ്ക്ക് കാത്തിരിക്കുമ്പോൾ, വാതിലിന് നേർക്ക് നീളുന്ന തന്റെ നോട്ടങ്ങൾ നിരാശയാൽ ചിമ്മിയടക്കുമ്പോൾ ഇതുവരെയും ഇല്ലാത്ത ഒരു അസ്വസ്ഥത തന്നെ ചൂഴ്ന്നു നിൽക്കും പോലെ അവൾക്ക് തോന്നി.
ചായ കുടിച്ച് എഴുന്നേൽക്കുമ്പോഴേക്കും കണ്ടു, ദൂരെ പരിചിതമായ മിഴികൾ ആരെയോ തേടുന്നത്. ഹൃദയം ഒന്ന് കുതിച്ചു തുള്ളിയോ? ശ്ശേ, അവൾ സ്വയം ശാസിച്ചു.
പുറത്തേക്കിറങ്ങി, ഓഫീസ് വരാന്തയിലേക്ക് കയറുമ്പോൾ ആ മിഴികളിലും കണ്ടു തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ ചുണ്ടിന്റെ കോണിൽ ഒരു ആശ്വാസച്ചിരി!
അയാളെ കടന്നു പോകുമ്പോൾ പതിയെ പറഞ്ഞു, “ഇൻസ്പെക്ഷൻ ഉണ്ടായിരുന്നു.”
“ഉം..” എന്നൊരു മറുപടിയിൽ അവൾ സ്വയം അത്ഭുതപ്പെട്ടു.
യൗവനത്തിന്റെ പകുതിയും പിന്നിട്ടു കഴിഞ്ഞു. വിരസതയുടെ മുഖംമൂടി തന്റെ മുഖത്തു പാകമായി തുടങ്ങി എന്നവൾ അസ്വസ്ഥപ്പെട്ടു തുടങ്ങിയ കാലത്താണ്, ഇനിയും പൂവിടാൻ വസന്തങ്ങൾ ഏറെയുണ്ടെന്ന് അയാൾ അവളെ ഓർമിപ്പിച്ചത്… ഒന്നിനും വേണ്ടിയല്ലാതെ.. നോട്ടം കൊണ്ടൊരു കരുതൽ.. കണ്ണുകളിൽ ഒളിപ്പിച്ചൊരു ചിരി.. സാന്നിധ്യം നൽകുന്ന സന്തോഷം..
മധ്യവയസ്സിൽ തളിരിടാൻ തുടങ്ങിയ മനസ്സിന് സന്ദേഹം.. ഇതല്ലേ പ്രണയം? ആണോ?