തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല.
കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു.
ഹോട്ടലിൽ എതിരെ ഇരുന്ന കൂട്ടുകാർ പ്ലേറ്റിലേക്കു ഇടം കണ്ണിട്ട് നോക്കി അവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവെടുത്തുകൊണ്ടിരുന്നു
കൂട്ടുകാർ എല്ലാവരും ജീൻസും ടോപ്പുമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ വാങ്ങിയ തുണിയിൽ തയ്ച്ച ചുരിദാറുമിട്ട് അവൾ ഒരരികിൽ ഫോട്ടോയിൽ പാതി പുറത്തായി പതുങ്ങി നിന്നു.
തിരിച്ചുള്ള യാത്രയിൽ ഒറ്റയ്ക്കിരുന്ന് അവൾ ചില കണക്ക് കൂട്ടലുകൾ നടത്തി.
“വരുമെടി… വരും. നിങ്ങൾ മാത്രമല്ല… ക്യാമ്പസ് മുഴുവൻ എന്നെ തേടി വരുന്ന ഒരു ദിവസം ഉണ്ട്. ഓണത്തിന് മാവേലിയാകാനും.. ക്രിസ്തുമസിന് സാന്താക്ലോസ് ആകാനും. ശേഷം കാഴ്ചയിൽ…”
അവൾ ഉള്ളിൽ ആർത്തലച്ച് ചിരിച്ചുകൊണ്ടിരുന്നു. ബസ്സിൽ വച്ച ഡിജെ യിൽ അവളുടെ ചിരി ആരും കണ്ടില്ല.