നീ കഴിച്ചോയെന്ന് ചോദിച്ചു കൊണ്ട് നിർമ്മല സിസ്റ്ററ് ഐസിയുവിലേക്കു കയറി വന്നു.
ഇല്ലയെന്നുള്ള മറുപടിയിൽ ഞാനെന്റെ മുമ്പിലെ ബെഡിലെ പിഞ്ചു മുഖത്തേക്കൊന്നു നോക്കി.
പുറത്ത് മീഡിയക്കാരുടെ ബഹളം.
എന്തിന്?
ആവൊ.. ദളിതനെന്നൊ കാണണമെന്നൊക്കെ പറഞ്ഞു ഇടിച്ചു കയറുന്നു.
രാമേട്ടനാട്ടി പായിക്കുന്നുണ്ടവറ്റോളെ. ചോര കുടിക്കാൻ കാത്തുനിൽക്കുന്ന നരച്ചീറുകളെ പോലെ.
ഓഹ് ” ദളിതനീ കുഞ്ഞാകും… “
ജാതിയെന്തെന്ന് പോലും അറിയാത്ത കുഞ്ഞിനെയാണ്.
കണ്ണിനും കവിളും നല്ല നീരുണ്ട്, മൂത്രവും പോകുന്നില്ല.
“മ്മ്”, അവൻ അമ്മാ എന്ന് വിളിക്കുമ്പോൾ ഞാൻ ചേർന്നിരിക്കും..
നീ പോയി കഴിച്ചിട്ട് വാ. എന്തിനാ ആവശ്യമില്ലാത്ത അടുപ്പങ്ങൾ. രോഗികൾക്ക് വേണ്ടുന്ന അത്യാവശ്യം കെയർ കൊടുക്ക, ശമ്പളം വാങ്ങുക പോകുക, അല്ലാതെ..
“അല്ല, ഇതെങ്ങനെയല്ലേച്ചി.. “
പോയി ഒരു ചായയെങ്കിലും കുടിക്ക്, ഞാനിരിക്കാം.
പോയിട്ട് വാ ഭദ്രേ..
നിർമ്മലേച്ചിയുടെ നിർബന്ധത്തിനു വഴങ്ങി ഞാനെഴുന്നേറ്റു.
പക്ഷെ, അവൻ അമ്മ എന്ന് ഞരങ്ങുമ്പോൾ ഒന്ന് കൈയിൽ പിടിക്കണോട്ടൊ.
“ഹാ.. “
ഞാൻ ഐസിയുവിൽ നിന്നിറങ്ങി ക്യാന്റീനിലേക്കു നടന്നു. എന്റെ മുന്നിൽ അവന്റെ മുഖമായിരുന്നു. രണ്ടുദിവസം മുന്നെയാണ് അവനെ ഇവിടെ കൊണ്ടുവരുന്നത് അന്ന് നൈറ്റ് ഷിഫ്റ്റായതുകൊണ്ട് ഞാൻ വരാൻവൈകി. ഫോണൊക്കെയെടുക്കാൻ പോലും മറന്നു. ആശുപത്രിയിലേക്ക് കയറുമ്പോൾ തിക്കും തിരക്കുംക്യാമറകളും ഫ്ലാഷ് ലൈറ്റുകളും. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരു സ്ത്രീയോടുള്ള കത്തിപോലെ മൂർച്ചയുള്ള ചോദ്യങ്ങളും അവരുടെ നിലവിളിയും അവിടെ മുഴങ്ങി കേട്ടു…
“ദാഹിച്ചപ്പോൾ വെള്ളം കുടിച്ചതിനു ഒരധ്യാപകൻ ഒരു കുഞ്ഞിനെ.. “എന്നൊക്കെ കുറെ മാധ്യമ പ്രവർത്തകരുടെഘോഷിക്കലും.
ഭദ്രേ നിനക്ക് ഇന്ന് ഡ്യൂട്ടി ഐസിയുവിലാണെന്ന് രാമേട്ടൻ എന്നോട് പറഞ്ഞു.
ആ കുഞ്ഞിനെന്തു പറ്റി രാമേട്ടാ?
അവൻ കുഞ്ഞല്ലേ ദാഹിച്ചപ്പോൾ ക്ലാസ്സിലെ സാർ കുടിക്കാൻ വച്ചിരുന്ന കുപ്പിയിലിരുന്ന വെള്ളം എടുത്തുകുടിച്ചു. അവനെ അയാൾ പൊതിരെ തല്ലി.
അതിനെന്താ വെള്ളമല്ലേ കുടിച്ചത് സ്വർണമൊന്നുമല്ലല്ലോ?
ഹാ വെള്ളമാണ്, പക്ഷെ അവൻ കുടിച്ചത് അവന്റെ ജാതിയിലുള്ള വെള്ളമല്ല മോളെ.
ശ്ശെ എന്തായി പറയണേ കുഞ്ഞിന് ജാതിയോ, വെള്ളത്തിന് അയിത്തമോ?
നല്ല ചോദ്യം..
ഇപ്പൊ സവർണ്ണനും അവർണ്ണനും ഒക്കെ കാലഘട്ടത്തിനനുസരിച്ചു പല രീതിയിൽ തല പൊക്കി തുടങ്ങിയിട്ടുണ്ട്ഭദ്രേ.
അതെ നമ്മുടെ നാടിപ്പോൾ പഴയതിനേക്കാൾ അധപതിച്ചു പോകുന്നു, അല്ല പോയിരിക്കുന്നു.
അവന്റെ പൾസ് റേറ്റ് കുറഞ്ഞുന്നുള്ള ബഹളം കേട്ടുഞാൻ ഐസിയുവിലേക്ക് ഓടി അവൻ കിടന്ന ബെഡിന്റെഅടുത്തേക്ക് ചെന്നു. അവന്റെ കണ്ണ് വീർത്തിരിക്കുന്നു. മുഖത്തിന്റെ ഒരു ഭാഗം കരിനീലിച്ചു കിടക്കുന്നു. ചുണ്ടിന്റെഒരു ഭാഗം അടർന്നിരിക്കുന്നു.
എന്റെ നെഞ്ച് പിടഞ്ഞു…
ഹോ, എന്റെ ദൈവമേ !!!
ഇത്ര ക്രൂരനോ ഒരധ്യാപകൻ.
അഞ്ചു വയസ്സ് പോലും ഇല്ലാത്ത ഈ പിഞ്ചു ശരീരത്തിനോട് ഇത്ര ക്രൂരത കാട്ടാൻ.
“എന്റെ നെഞ്ചിനകത്തു ആരോ ശക്തിയായി പാറകൊണ്ടു ഇടിക്കുന്ന പോലെനിക്ക് നൊന്തു. “
പിന്നെ ഞാൻ അവന്റെ അമ്മയെന്ന പോലെ അവന്റെ കൂടെ നിന്നു. തളർച്ച തോന്നാതെ രാവും പകലും ഓവർടൈംഡ്യൂട്ടി വാങ്ങി അവന്റെ കൂടെ തന്നെയിരുന്നു. ഇന്നിപ്പൊ അവൻ വന്നിട്ടു രണ്ടു ദിവസം. ഞാൻ ചായ കുടിച്ചുതിരിച്ചു വന്ന സമയം, വെറും തറയിൽ തലയിൽ കൈവച്ചിരിക്കുന്ന ഒരു സ്ത്രീയെ കണ്ടു. അവരുടെ കണ്ണുകൾകരഞ്ഞു കലങ്ങിയിരുന്നു, അവരുടെ ഉടുത്തു പഴകി മുഷിഞ്ഞ സാരിതുമ്പു കൊണ്ടവർ മൂക്ക്തുടച്ചുകൊണ്ടിരുന്നു. “അവന്റെ അമ്മ “
ഞാൻ അവരുടെ ചുമലിൽ തൊട്ടു, അവർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ചാടി എഴുന്നേറ്റു.
മോൻ… എന്റെ മോൻ, അവൻ കണ്ണ് തുറന്നോ സാറെ !!
എന്തെങ്കിലും കുടിച്ചാരുന്നോ?ഞാൻ അവർക്ക് മുഖം കൊടുക്കാതെ ചോദിച്ചു.
വേണ്ട എനിക്കിനി ഒരുതുള്ളി വെള്ളം വേണ്ട ഇവിടെ ഉള്ള വെള്ളം മുഴുവൻ കാശുള്ളവർ കുടിക്കട്ടെ…
“അവരെല്ലാം കുടിക്കട്ടെ “. എന്റെ കുഞ്ഞിന്റെ ദാഹം മാറ്റാത്ത കുടിനീര് എനിക്കിനി വേണ്ട. അവർ അലമുറയിട്ടു.
“ഞാൻ അവരോടെന്ത് ഉത്തരം പറയാൻ. “മറുപടി പറയാൻ നിൽക്കാതെ ഡോർ തുറന്നുള്ളിലേക്കു കയറിഞാൻ. മരണത്തോട് മല്ലടിച്ചു കിടക്കുന്ന ആ പിഞ്ചു മുഖത്തേക്ക് ഒന്ന് നോക്കി.
അവന്റെ തലയിൽ മൃദുവായി തലോടി..
“അമ്മ”, അവന്റെ ചുണ്ടുകൾ ഞരങ്ങി.
“മ്മ്മ് ” അമ്മയാ മോന്റെ അടുത്തുണ്ട്..
അവന്റെ ആ തടിച്ച കൺപോളകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി. അവന്റെ പിഞ്ചു കൈകളിൽ പിടിപ്പിച്ചുകൊണ്ട് കാനുലയിലേക്ക് ഞാൻ മരുന്ന് പതുക്കെ കയറ്റി അവന്റെ വേദന കുറയുമോയീ മരുന്നൊക്കെ കൊണ്ട്?
അവന്റെ പിഞ്ചു മനസ്സിനേറ്റ നോവ് മാറ്റാൻ ഒക്കുമോയീ മരുന്നുകൾക്ക് ?
അവന്റെ ഉള്ളിൽ എന്നെ എന്തിനാണ് മാഷ് തല്ലിയതു എന്നുള്ള ചോദ്യമായിരിക്കും.
അവന്റെ നിറവും ജാതിയും തിരിച്ചറിയാനാവാഞ്ഞതാവും അവൻ ചെയ്യ്ത മഹാപരാധം.
എന്റെ മുന്നിൽ കിടക്കുന്നതു വെറും ഒരു ജീവനല്ലായിരുന്നു. “
എനിക്കവൻ, “എന്റെ ഗർഭപാത്രത്തിലെ ജീവന്റെ തുടിപ്പ് തന്നെയായിരുന്നു. “
ഉറക്കമൊഴിഞ്ഞ രാത്രികളിൽ ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ അവന്റെ വാർത്തയ്ക്കു വേണ്ടി ഞാൻ പരതി എങ്ങുമാരും ഒന്നും അവനു വേണ്ടി ചെയ്യ്തുകണ്ടില്ല, പറഞ്ഞുകേട്ടില്ല.
മാധ്യമങ്ങളിൽ അവന് വേണ്ടി ആരും തർക്കിച്ചില്ല. ഇത്രയും നന്മയുള്ള സമൂഹത്തിനോടെനിക്ക് പുച്ഛം തോന്നി.
അധ്യാപകനെന്നു പോലും വിളിക്കാൻ യോഗ്യതയില്ലാത്ത അവനെ കൊല്ലാതെ കൊല്ലാനാരുമില്ലലോഎന്നോർത്തപ്പോൾ അഭിമാനത്തോടെ എന്റെ നാടെന്നു പറയാൻ എനിക്ക് ലജ്ജ തോന്നി. അവനെനോക്കിയിരിക്കെ എന്റെ കണ്ണുകൾ മെല്ലെയടഞ്ഞു.
“അമ്മേ… “
ഒരു വെള്ളിവെളിച്ചത്തിൽ ഞാൻ ഒരു കുഞ്ഞിനെ കണ്ടു
“മ്മ്മ് ” മൊനെ…
ദാഹിക്കുന്നമ്മേ..
എനിക്ക് ജാതി എഴുതാത്ത അയിത്തമില്ലാത്ത ഇത്തിരി വെള്ളം തരോ?
ദാഹിക്കുന്നു..
ഇവിടെ ദാഹജലത്തിനും ജാതിയുണ്ട് കുഞ്ഞേ നീ പിറന്ന ലോകം ക്രൂരമാണ്. ഇവിടുത്തെ മനുഷ്യരും. ഇനി നീജാതിയും മതവുമില്ലാത്ത ഒരു ലോകത്തിൽ ജനിക്ക കുഞ്ഞെ…
ദാഹിക്കുന്നു… അമ്മേ… ദാഹിക്കുന്നു. അവൻ വീണ്ടും വീണ്ടും എന്നോട് യാചിച്ചു കൊണ്ടിരുന്നു.
ഈ അമ്മയുടെ മാറിടത്തിൽ നിന്നൊഴുകുന്ന പാലിന് ജാതിയില്ല കുഞ്ഞേ, മതമില്ല മോനെ അയിത്തമില്ല. നിന്റെദാഹം മാറ്റാൻ ഒഴുകുന്ന തെളിനീരാവട്ടെ ഈ അമ്മയുടെ ജീവൻ തരുന്ന നീര്…
ഇല്ലമ്മേ അവിടെയും ഉണ്ടാവും ജാതിയും വർണ്ണവും വിവേചനവും. ഞാൻ ഈ ലോകത്തിനിയില്ല. ഞാൻപോകുന്നു…
എനിക്ക് വേണ്ടി കരയാനും പറയാനും വാദിക്കാനും അമ്മയ്ക്ക് പോലുമാകുന്നില്ലല്ലോ എന്നോർത്താണെന്റെസങ്കടം.
ഞാൻ പോകുന്നമ്മേ “അയിത്തജലം”മുള്ള ഈ നികൃഷ്ട ലോകത്തു നിന്ന് ഞാൻ പോകുന്നു.
അവന്റെ തണുത്ത കൈകൾ എന്നെ തൊട്ടു, ഞാൻ ഞെട്ടിയുണർന്നു…
മോനെ…
അവന്റെ കൈകൾ എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു ആ കൈകളിൽ നേരത്തെ ഞാൻ അനുഭവിച്ച അതേതണുപ്പ്.
അവനു എന്തോ അസ്വസ്ഥത പോലെ…
ഞാൻ ഡ്യൂട്ടി ഡോക്ടറെ ഉറക്കെ വിളിച്ചു അദ്ദേഹം വന്നു സിപിആർ കൊടുത്തുനോക്കി ഇല്ല ___
കഴിഞ്ഞു…
______”കഴിഞ്ഞു “
ഈ ഭൂമിയിൽ അവൻ ജീവിച്ചത് വെറും നാല് കൊല്ലം. മരിക്കാൻ മാത്രം അവൻ ചെയ്യ്ത തെറ്റെന്ത്?
ചെയ്യ്ത തെറ്റ് ദാഹിച്ചപ്പോൾ ഒരിറ്റു ദാഹജലം കുടിച്ചതത്രെ. സവർണ്ണന്റെ ജലം പോലും.
ഇവരൊക്കെ ഭൂമിയിലേക്ക് ജനിച്ചു വീഴുമ്പോൾ ഏറ്റു വാങ്ങുന്ന ഞങ്ങളുടെ ജാതി ഇവരെങ്ങനെഅറിയും. അതറിഞ്ഞാൽ ഇവരൊക്കെ ഗർഭത്തിലെ ആത്മഹത്യ ചെയ്യുമോ?
മരിക്കാൻ വന്നു കിടക്കുമ്പോൾ കുടിക്കാൻ ഇറ്റു വെള്ളം കൊടുക്കുന്ന ഞങ്ങളുടെ ജാതി എന്തെന്നിവർതിരക്കുമോ അതോ അതറിയുമ്പോൾ മരണം മാറ്റിവെക്കാൻ കഴിയുമോ ഇവർക്കൊക്കെ?
കഷ്ടം തന്നെ…
ഇതാവും “പ്രബുദ്ധത”.
ഇതിനെല്ലാം ഒരവസാനമുണ്ടാവും.. “ഇതിനെല്ലാം ചേർത്ത് കണക്കുകൾ നിരത്തുന്ന ഒരു ദിനം വരും “
തണുത്തുറഞ്ഞ അവന്റെ കൂടെ അവന്റെ വീട്ടിലേക്കു ഞാനും പോയി. ആ കുഞ്ഞു വീടിന്റെ ഉള്ളിൽ അവൻകളിച്ചു വച്ചിരുന്ന കളിപ്പാട്ടങ്ങൾ എന്റെ കണ്ണുകളിൽ ഉടക്കി നിന്നു.
അന്നവൻ സ്കൂളിലേക്ക് പോകുമ്പോൾ എടുക്കാൻ മറന്ന അവന്റെ വെള്ളത്തിന്റെ കുഞ്ഞു കുപ്പി മറിഞ്ഞു താഴെകിടക്കുന്നു.. അതവൻ എടുത്തിരുന്നെങ്കിൽ അവന്റെ ജാതിയിലുള്ള വെള്ളം അവന് കുടിക്കാമായിരുന്നു. അവന്റെഅമ്മയുടെ നിലവിളി എന്നെ അസ്വസ്ഥമാക്കി, ഞാൻ അവിടെ നിന്നിറങ്ങി നടന്നു…
വീഥികളിൽ സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിന് വേണ്ടി ത്രിവർണ്ണ പതാകകൾ കാറ്റിൽ പാറി പറന്നു നിന്നു. ചിലയിടങ്ങളിൽ സ്വാതന്ത്ര്യ ബോധത്തെ കുറിച്ച് ആരൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അവനു വേണ്ടിരണ്ടു വാക്ക് സംസാരിക്കാനെനിക്ക് തോന്നി അവർ ക്ഷണിക്കാതെ തന്നെ ഞാൻ വഴിയരികിലേ സ്റ്റേജിലേക്ക്കയറി അവന് വേണ്ടി ഞാൻ ശബ്ദമുയർത്തി…
ഹേ മൂഡരെ !!!
വെള്ളമല്ലെയാ കുഞ്ഞു കുടിച്ചത്…
വെള്ളത്തിനും ജാതിയോ?
ഒരു കുഞ്ഞല്ലേ അവൻ അവന് ദാഹിച്ചിട്ടല്ലേ?
ഞാൻ അമ്മയാണ് എനിക്കിതിൽ രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല
നിങ്ങൾക്കൊന്നും ഇതൊരു വല്യ വാർത്ത ആയിരിക്കില്ലായിരിക്കും. കാരണം സ്വാതന്ത്ര്യ ദിനമാണല്ലോ !!
സ്വാതന്ത്ര്യം ആഘോഷിക്കട്ടെ എല്ലാവരും…
“സ്വാതന്ത്ര്യമത്രെ”
സ്വാതന്ത്ര്യം !!!
ഇനി വളർന്നു വരുന്ന മക്കളെ എങ്കിലും ജാതിയും മതവും നിറവും വിവേചനവും ഇല്ലാതെ മനുഷ്യരാക്കിവളർത്തിയാൽ മതി. മനുഷ്യരെ മനുഷ്യരായി കണ്ട് സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തിയാൽ മതി. എന്നങ്ങനെമാറുന്നോ അന്നാണ് യഥാർത്ഥ “സ്വാതന്ത്ര്യം”.
കണ്ണുനീര് തുടച്ചുകൊണ്ട് ഞാൻ നടന്നകന്നു മനസ്സുകൊണ്ടവനോട് മാപ്പപേക്ഷിച്ചു കൊണ്ട്..
©️ആതിരസേതു 🦋
___________________________
“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ”
എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്
“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ”
എന്നാണ് മാതംഗി എന്ന ചണ്ഡാലസ്ത്രീ മറുപടി പറഞ്ഞത്.
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ”
എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിക്കാൻ പാണ്ടാശാൻ ചൊല്ലിയത് ഇവിടെ വീണ്ടും ഞാൻ സ്മരിക്കുന്നു !!
___________________________
3 Comments
👍👍👍
ശക്തമായ സന്ദേശം 🥰🥰🥰
ഇതിനെല്ലാം ചേർത്ത് കണക്കുകൾ നിരത്തുന്ന ഒരു ദിനം വരും “
❤️❤️❤️❤️