കുടുംബശ്രീയുടെ ആഴ്ച തോറുമുള്ള മീറ്റിങ്ങിന്റെ ഭാഗമായി ജാനകിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ഒരു വൈകുന്നേരം. അവിടെ തിരക്കിട്ട് ചർച്ച നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ വെപ്രാളത്തോടെ വഴിയരികിലേക്ക് കണ്ണുപായിക്കുന്നു.
” പെണ്ണേ.. നീയാരെയാ നോക്കുന്നത്?”
“ൻ്റെ ചേച്ചി, എപ്പോഴാ മൂക്കറ്റം മദ്യപിച്ച് അങ്ങേര് വരുന്നതെന്ന് അറിയില്ല… വന്നാലത്തെ പുകിലെ ഞാൻ പറയണോ?”
ഇതും പറഞ്ഞതും, ദേ പ്രസാദ് ആടിയാടി വാതിൽക്കൽ എത്തി.
” ആഹാ.. നീയിവിടെ നാട്ടുകാരെ വിളിച്ചുകൂട്ടി സോറ പറഞ്ഞിരിക്കുവാല്ലേ? പോയി ചായ എടുക്കെടി?”, അങ്ങേരലറി
“അല്ല ചേട്ടാ.. ഇത് കുടുംബശ്രീയുടെ യോഗമാണ്. ഇതൊന്നു കഴിഞ്ഞോട്ടെ.”
” പിന്നെ.. അവളുടെ ഒരു കുടുംബശ്രീ. നാട്ടിലുള്ളവരുടെയൊക്കെ കുറ്റം പറഞ്ഞ് രസിക്കുന്ന അവളുടെ യൊരു കോപ്പിലെ പരിപാടി.”
“യ്യോ അങ്ങനെ പറയല്ലേ ചേട്ടാ… ഇത് പാവപ്പെട്ട എന്നെപ്പോലുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും സ്വയം പര്യാപ്തത നേടാനും കരുത്തും ഊർജ്ജവും പകർന്നു തരുന്ന പരിപാടിയെ കുറിച്ചുള്ള ചർച്ചയാ നടക്കുന്നത്.”
ഇത്തിരി നേരത്തെ കാര്യമല്ലേ ഉള്ളൂ. ഒന്ന് ക്ഷമിക്കു ചേട്ടാ.”
“എടി മൂധേവി… നിന്നെയിന്ന് ഞാൻ ശരിയാക്കും.”
“ചേട്ടാ, അങ്ങോട്ട് മാറിനിന്ന് എന്തേലുമായിക്കോ.”
പിന്നീട് അങ്ങോട്ട് തൂണിന്റെ മറവിൽ നടന്നത് പതിവുപോലെ തന്നെ ജാനകി എടുത്തിട്ട് പ്രസാദിനെ പെരുമാറുകയായിരുന്നു. ഒപ്പം അയ്യോ ഓടിവരണേ നാട്ടുകാരെ… എന്നെയീ മനുഷ്യൻ തല്ലിക്കൊല്ലുന്നേ എന്നുള്ള പതിവ് ബഹളവും. എല്ലാം കേട്ട് അപ്പോൾ തന്നെ അവിടെ വന്ന കുടുംബശ്രീ പെണ്ണുങ്ങൾ ഇറങ്ങിപ്പോയി.
അല്ലേ… എന്താപ്പോ ഉണ്ടായത്🤔 എനിക്ക് ഇതിൻ്റെ വല്ല കാര്യമുണ്ടായിരുന്നോ (ഇടി കൊണ്ട പ്രസാദിന്റെ ആത്മഗതം)😀.