മെഴുക്കുപുരണ്ട ഒരു നൂറു പാത്രങ്ങൾ പെട്ടെന്ന് കഴുകി തീർത്ത് കൈകൾ പുടവത്തുമ്പിൽ തുടച്ചുകൊണ്ട് മൈലാഞ്ചി ചിത്രത്തിനായി ഞാൻ ആഘോഷദിവസങ്ങളിൽ ചിരിയോടെ എന്റെ കൈകൾ നീട്ടും. “പിന്നേയ്… മൈലാഞ്ചി അണിയാൻ പറ്റിയ നേരവും പ്രായവും “പിന്നിൽ കളി പറഞ്ഞു ചിരിച്ചവരാരെയും ഞാൻ തെല്ലും ഗൗനിക്കില്ല അപ്പോൾ.
ഒഴിവു ദിവസത്തിന്റെ വൈകുന്നേരങ്ങളിൽ തിരക്കേറിയ കളിസ്ഥലത്ത് കുട്ടികളുടെ ഊഴം കവർന്നെടുത്ത് ആ കൊമ്പിൽ ഈ കൊമ്പിൽ ഞാൻ ആയത്തിൽ ഊഞ്ഞാൽ അടീടും, അന്നേരം എനിക്കു പിന്നിൽ ചുളിഞ്ഞ മുഖങ്ങളൊന്നും ഞാൻ കണ്ടതായി നടിക്കുകയേ ഇല്ല.
ഇന്നും കാലം തെറ്റാതെ പിഴക്കാതൊന്നു വീതം കൂട്ടിയെൻ വയസ്സാം സംഖ്യ അധികരിക്കുമ്പോഴും ഞാനിതാ നര ബാധിക്കാത്തൊരെന്റെ മനസ്സുമായി പുഴയാഴങ്ങളിൽ നീന്തി തുടിക്കുന്നു. അപ്പോൾ “വയസ്സെത്രയായി?” എന്നൊരാ പരിഹാസ ചോദ്യങ്ങളൊന്നും ഞാൻ കേട്ടതായി ഭാവിക്കുകയേ ഇല്ല.
അല്ലെങ്കിലും സന്തോഷിക്കുന്നതിലും ആഘോഷിക്കുന്നതിലും സ്വപ്നങ്ങൾ കൊണ്ട് ആകാശക്കോട്ട കെട്ടുന്നതിലും പ്രായത്തിനെന്തു കാര്യം?