വഴിയരികിലെ വിൽപ്പനക്കാരിയിൽ നിന്നും മൺവിളക്കിൻ്റെ താലം വാങ്ങി. ഇലകൾ തുന്നിക്കെട്ടിയുണ്ടാക്കിയ ചെറിയ പാത്രത്തിൽ പൂക്കളും മൺചിരാതും. വിളക്ക് കൊളുത്തി പതിയെ നദിയിലേക്ക് ഇറങ്ങി. കാറ്റിൽ തിരിനാളം അണഞ്ഞു പോകാതെ കൈ കൊണ്ട് മറ തീർത്തു. വിളക്ക് വെച്ച താലം ഒഴുക്കി വിട്ട് തണുത്ത വെള്ളത്തിൽ മുങ്ങി നിവർന്നു അവൾ. വിളക്ക് എത്രദൂരം പോകുന്നുവോ ആയുർദൈർഘ്യം അത്രയും ഉണ്ടെന്നാണ് കാശിയിലെ വിശ്വാസം. ഓളങ്ങളിൽ തട്ടി വിളക്ക് ദൂരേക്ക് പോയി ഒരു പൊട്ട് ആയി മാറുന്നത് നോക്കി നിന്നു അവൾ. തൻ്റെ ആയുസ്സിന് ഇത്ര ദൈർഘ്യമോ!
ഘട്ടിലെ പടി കയറുമ്പോൾ തെന്നാതെ അവൻ കൈ പിടിച്ചു.
ആൾക്കൂട്ടത്തിൽ നിന്നും അൽപം അകന്ന് നിന്ന് ഗംഗാ ആരതി കാണുമ്പോൾ അവൾക്ക് കുസൃതി തോന്നി.
“പാപങ്ങൾ ഏറ്റു വാങ്ങി ഒഴുകുന്ന ഗംഗയേയാണോ നിനക്കിഷ്ടം, അതോ ഓരോ തുള്ളിയും പരിശുദ്ധമായ ആദിഗംഗയേയോ?”
പതിവുപോലെ അവൻ പതിയെ ചിരിച്ചു. സ്വതവേ ചെറുതായ കണ്ണുകൾ ചിരിച്ചപ്പോൾ കുറേക്കൂടി ചെറുതായി. അല്ലെങ്കിലും അവൻ ഇങ്ങനെയാണല്ലോ എന്ന് ഓർത്തു അവൾ.ഒരിക്കലും ആ മനസ്സ് അറിയാൻ സാധിച്ചിട്ടില്ല. തൻ്റെ ചോദ്യങ്ങളൊക്കെയും ഉത്തരം കിട്ടാതെ ആ ചിരിയിൽ തട്ടി ചിതറിപ്പോയി. ശലഭമായി മാറാൻ ഒരിക്കലും ഭാഗ്യമില്ലാതെ കാറ്റത്ത് വീണുപോയ പ്യൂപ്പയെ പോലെ.
നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലെ തണുപ്പ് മാംസം തുളച്ചു കയറുന്നു.
“നമുക്ക് പോയാലോ”?
ഇരുട്ടു വീണ വഴിയിലൂടെ തിരികെ നടക്കുമ്പോൾ അവൻ അവളെ ചേർത്തു പിടിച്ചു.
“എനിക്കിഷ്ടം ആദിഗംഗയെ അല്ല, പാപനാശിനിയേയും അല്ല. മഹാദേവൻ്റെ കാമുകിയായ ഗംഗയേ ആണ്”
അവൻ്റെ ചിരി തൻ്റെ ചുണ്ടിലേക്കും പടരുന്നത് അറിഞ്ഞ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഗംഗാ ആരതി അവസാനിച്ചിരുന്നില്ല. ഓളങ്ങളിൽ നിഗൂഢതകൾ ഒളിപ്പിച്ച് ഗംഗ വീണ്ടും ശാന്തമായൊഴുകുന്നു.