വീട്ടു കാവലിന് പറഞ്ഞ പണം
എണ്ണിക്കൊടുത്തു വാങ്ങിയ
മുന്തിയയിനം കാവൽനായ
അടുക്കള കാവലിനു
ഇങ്ങോട്ട് പണം വാങ്ങി
കല്യാണപന്തലിൽ നിന്നും
കഴുത്തിൽ കുരുക്കിട്ട്
കൊണ്ടുവന്ന കാവൽനായ
കുരയ്ക്കാനോ കടിക്കാനോ
അനുവാദമില്ലാത്ത കാവൽനായ
മിച്ചം വന്നത് കഴിക്കാനും
കാലു നക്കാനും വിധിക്കപ്പെട്ട
കാവൽ നായ
യജമാനന്റെ ആട്ടും തുപ്പും
ചവിട്ടും ഒടുവിൽ എപ്പോഴെങ്കിലും
കിട്ടുന്ന തലോടലിനും വേണ്ടി
വാലാട്ടി നിൽക്കേണ്ട കാവൽനായ
പെണ്ണിന് പല വീടുകളിലും
കല്പിച്ചിച്ചിരിക്കുന്ന സ്ഥാനം അതാണ്