തട്ടിൻ പുറത്ത് പമ്മി നടന്ന്
എലിയെ പിടിച്ചും
പിന്നാമ്പുറത്തെ എച്ചിൽകൂനകളിൽ
മീൻമുള്ള് തിരഞ്ഞും
നടന്ന പൂച്ച
തന്റെ തട്ടകം വിട്ട്
അടുക്കളയിൽ കയറി
വിലക്കപ്പെട്ടതൊക്ക തിരഞ്ഞപ്പോൾ
പൊട്ടിച്ച ചട്ടിയും കലവും
നോക്കി ആളുകൾ പറഞ്ഞു
മിണ്ടാപ്പൂച്ച കലമുടയ്ക്കും
അടുക്കള തട്ടകത്തിൽ നിന്നും
ഉമ്മറത്തേക്ക് എത്തി നോക്കി
അഭിപ്രായം പറഞ്ഞവളേയും
ചോദ്യങ്ങൾ ചോദിച്ചവളെയും
നോക്കി അഹിതമായതെന്തോ
ചെയ്തതെന്ന മുദ്ര കുത്തി
അവരൊക്കെ തന്നെ വീണ്ടും
പറഞ്ഞു മിണ്ടാപ്പൂച്ച കലമുടയ്ക്കും