ചില ദിവസങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്ന ഒറ്റപ്പെട്ട വാക്കുകൾ അല്ലെങ്കിൽ വ്യക്തികൾ നമ്മളറിയാതെ നമ്മിലേക്ക് വന്നു ചേരാറുണ്ട്. മറ്റുള്ളവർക്ക് തീർത്തും നിസ്സാരമെന്ന് തോന്നാവുന്ന, എന്നാൽ മുറിപ്പടുത്തുന്ന ചില ഗതകാല സ്മരണകൾ അപ്പാടെ നമ്മളിലേക്ക് പെയ്തിറങ്ങുന്നതു പോലെയാവാം ആ വാക്കുകൾ.
സ്ഥലം പരീക്ഷാ ഹാൾ, അർദ്ധ വാർഷിക പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. പരീക്ഷയുടെ സുതാര്യമായ നടത്തിപ്പിനു വേണ്ടി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഇടകലർത്തിയാണ് ഇരുത്തുന്നത്.
തീർത്തും ശാന്തമായ സ്കൂൾ അന്തരീക്ഷമാണ് പരീക്ഷാകാലം. പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മുഖത്ത് മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങൾ ഞാനെന്നും ആകാംക്ഷയോടെ നോക്കി നിൽക്കാറുണ്ട്. ആദ്യ പകുതി കഴിയുമ്പോഴേക്കും കുട്ടികളിൽ മിക്കവരും അവരുടെ പരീക്ഷ എഴുതി തീർത്തിട്ടുണ്ടാകും. അതിനു ശേഷം അവർ പതിയെ അടക്കിപ്പിടിച്ച ശബ്ദങ്ങളുണ്ടാക്കി തുടങ്ങും. ഒന്നൊന്നര മണിക്കൂർ വായ പൂട്ടിയിരിക്കുന്നത് അവരെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്.
അതിനിടെ പെട്ടെന്നാണ് രണ്ടാമത്തെ നിരയിൽ ഇരിക്കുന്ന രണ്ടു പേർക്കിടയിൽ ഒരു കശപിശ തുടങ്ങിയത്. അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ “ടീച്ചർ, ദീദി എന്നെ ‘കാലു (कालू)’ (കറുത്തവൻ) എന്ന് വിളിക്കുന്നു. ഇതാ ഡസ്കിൽ എഴുതി വെച്ചിട്ടുമുണ്ട്.” ഞാൻ നോക്കിയപ്പോൾ ശരിയായിരുന്നു. അവന്റെ ക്ലിപ് ബോർഡിനടുത്ത് “Your name is Kalu” എന്നെഴുതിയിരിക്കുന്നു, വർണ്ണാധിക്ഷേപം. സ്കൂളിൽ എന്റെ എല്ലാ നിയന്ത്രണവും ക്ഷമയും നഷ്ടപ്പെട്ടു പോകുന്ന അവസരങ്ങളിലൊന്ന്. ആ പെൺകുട്ടിയെ ഞാനൊന്നു തുറിച്ചു നോക്കി. “No Ma’am, I was just joking.” “ഇതാണോ നിനക്ക് തമാശ” എന്ന് ചോദിച്ച് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണെന്ന കാര്യം മറന്ന് അവളോട് ഞാൻ പൊട്ടിത്തെറിച്ചു. കാരണം, ഇങ്ങനെയൊരു സന്ദർഭത്തിന് ഞാൻ സാക്ഷിയാകേണ്ടി വന്നത് ആദ്യമായിട്ടായിരുന്നില്ല.
ശരിയും തെറ്റും തിരിച്ചറിയാൻ മാത്രം പക്വത നേടാത്തതു കൊണ്ടാവും അവരിങ്ങനെ പെരുമാറുന്നതെന്ന കാര്യം ഇത്തരം അപൂർവ്വം അവസര ങ്ങളിൽ മാത്രം ഞാൻ മന:പൂർവ്വം വിസ്മരിക്കാറുണ്ട്, (പിന്നീട് അവരെ വിളിച്ച് സ്നേഹത്തോടെ ഉപദേശിക്കാറുണ്ടെങ്കിലും) മാത്രമല്ല, എന്തുകൊണ്ടെന്നറിയില്ല സ്കൂളിലെ മിക്കവാറും വർണ്ണാധിക്ഷേപങ്ങളും വളരെ കൃത്യമായി എന്റെ മുന്നിൽ തന്നെ വന്നുപെടാറുമുണ്ട്.
ഒരു അദ്ധ്യാപികയാണെന്ന കാര്യം നിമിഷ നേരത്തേക്ക് മറന്ന്, സ്വന്തം നിറത്തിന്റെ കാര്യത്തിൽ മുറിവേറ്റ്, മനസ്സ് നൊന്തിരിക്കുന്ന കുഞ്ഞിന്റെ അമ്മയായി പരിണമിക്കുന്ന എന്നിലെ അമ്മ. കാരണം, ആ ഒരു നിമിഷം എന്റെ കാതിൽ അലയടിച്ചിരുന്നത് പത്തു പതിനഞ്ച് വർഷങ്ങൾ ക്കപ്പുറമുള്ള ഒരു കുഞ്ഞിന്റെ തേങ്ങലായിരുന്നു. “ഞാനെന്തേ അമ്മാ ഇങ്ങനെ കറുത്തു പോയത്? അതുകൊണ്ടല്ലേ അവരൊക്കെ എന്നെ काला कौवा എന്നു വിളിക്കുന്നത്?” എന്നുള്ള അവന്റെ ചോദ്യങ്ങളായിരുന്നു. സ്കൂൾ ബസിൽ നിന്ന് കരഞ്ഞു കൊണ്ടിറങ്ങി വന്ന എന്റെ കിച്ചൂട്ടന്റെ ഏങ്ങലടിക്ക് ഒരമ്മയുടെ നെഞ്ചകം കുത്തിക്കീറുവാനുള്ള ശക്തിയുണ്ടായിരുന്നു. വീട്ടിലെത്തിയിട്ടും, അമ്മയുടെ തലോടലിനോ യാതൊരുവിധ സാന്ത്വന വാക്കുകൾക്കോ അവന്റെ സങ്കടകണ്ണീരിന് തടയിടാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം നിറത്തിന്റെ പേരിൽ താൻ കളിയാക്കപ്പെടുന്നു എന്ന് ഒരു കുഞ്ഞുമനസ്സിന് തിരിച്ചറിവുണ്ടായ ദിവസമായിരുന്നു അന്ന്, ഒരു തുടക്കം മാത്രമായിരുന്നു അത്. പിന്നീടെത്രയോ തവണ അവൻ അതിന്റെ പേരിൽത്തന്നെ വീണ്ടും വീണ്ടും നെഞ്ചുപൊട്ടി കരഞ്ഞിരിക്കുന്നു, അവൻ ഉറങ്ങി കഴിയുമ്പോൾ അവനെ കെട്ടിപ്പിടിച്ച് ഞാനും… അവനറിയില്ലല്ലോ; അവന്റെ അമ്മയുടെ ജീവിതത്തിൽ വിവാഹ കമ്പോളത്തിലും അതിനു മുൻപും, നിറത്തിന്റെ പേരിലും അല്ലാതെയും സ്വന്തക്കാരിൽ നിന്നു പോലും ബോഡി ഷേമിംഗിന് ഇരയാകപ്പെട്ടവളാണെന്ന്.
അന്ന് എന്റെ കുഞ്ഞിന് സ്വന്തം ടീച്ചറിനോട് പരാതി പറയാൻ ധൈര്യമില്ലാഞ്ഞിട്ടോ അതോ ടീച്ചറും എന്നെ കളിയാക്കിയാലോ എന്ന സംശയത്താലോ: എന്താണെന്നറിയില്ല; അവൻ ആകെ പരാതിപ്പെട്ടത് അവന്റെ അമ്മയോട് മാത്രമായിരുന്നു. അന്നവന് ആകെ വിശ്വാസമുണ്ടായത് അവന്റെ അമ്മയെ മാത്രമായിരിക്കണം.
പിറ്റേന്ന് അവനെ അറിയിക്കാതെ സ്കൂളിലെത്തി അവന്റെ ക്ലാസ് ടീച്ചറെ കാണുകയും മോന്റെ സങ്കടം പങ്കു വെക്കുകയും ചെയ്തപ്പോൾ അവന്റെ ടീച്ചർ അവനെ സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ കെട്ടിപ്പിടിക്കുകയായിരുന്നു. കുഞ്ഞേ നീ എനിക്കത്രമേൽ പ്രിയപ്പെട്ടതാണെന്ന് അവന്റെ ടീച്ചർ പ പറഞ്ഞപ്പോൾ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി. നഷ്ടപ്പെട്ടു പോകുമായിരുന്ന അവന്റെ ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ എനിക്കത്രയും മതിയായിരുന്നു.
ഇന്ന് ഞാൻ ചെയ്തതും അതു മാത്രമാണ്. അവനെ ചേർത്തു നിർത്തി എല്ലാ കുട്ടികളും കേൾക്കെ പറഞ്ഞു; “Vyom, you are the cutest boy in this class.” അവന്റെ സംസാരവും ചിരിയും എല്ലാം ശരിക്കും ക്യൂട്ടായിരുന്നു. അവനെ ഞാൻ ഒരു ക്ലാസിലും പഠിപ്പിച്ചിട്ടില്ല. പരിക്ഷാ ഡ്യൂട്ടിക്കിടയിൽ കണ്ടുമുട്ടുന്ന കുട്ടികളിൽപെട്ട ഒരാൾ. എങ്കിലും എനിക്കറിയാം ഇന്നത്തെ എന്റെ വാചകത്തിൽ അവന്റെ മനസ്സിനേറ്റ മുറിവുണക്കാൻ ഉതകുന്ന മരുന്നുണ്ട്.
നിറത്തിന്റെ പേരിൽ തമാശ രൂപേണ തന്റെ സഹപാഠികളെ കളിയാക്കുമ്പോൾ തനിക്ക് തമാശയായി തോന്നുന്ന കാര്യം അത് കേൾക്കുന്നവന്റെ മനസ്സിലേൽക്കുന്നത് എത്രമാത്രം ആഴത്തിലുള്ള മുറിവാണെന്ന് അവർക്ക് മനസ്സിലാകണമെന്നില്ല. കളിച്ചു ചിരിച്ചു നടക്കുന്ന ഒരുവനിൽ നിന്നും തീർത്തും അന്തർമുഖിയായ ഒരുവനിലേക്ക് ഒട്ടും ദൂരമില്ലതാനും.
(ഇത് പറഞ്ഞപ്പോൾ ഒരു കാര്യം പറയാതെയിരിക്കാൻ വയ്യ. നമ്മൾ കേരളീയർ നോർത്തിലെത്തിയാൽ ഇവർക്ക് മുന്നിൽ കറുത്ത വർഗ്ഗക്കാർ തന്നെയാണ്.)
ചില ദിവസങ്ങളിൽ മനസ്സിനെ എന്തെങ്കിലും കാര്യം അലോസരപ്പെടുത്തുന്നെങ്കിൽ അന്നേ ദിവസം നമ്മൾ സ്ക്രോൾ ചെയ്തു വിടുന്ന വാർത്തകളിലും വീഡിയോയിലും അതിനോട് ബന്ധപ്പെട്ട വിഷയമായിരിക്കും കാണുന്നത്. ഇന്ന് അങ്ങനെയൊരു വീഡിയോ കാണാനിടയായി. കൊച്ചുകുട്ടികളുടെ ചാനൽ പരിപാടിക്കിടെ ഒരു പെൺകുട്ടി അവളുടെ അപ്പൂപ്പനെ(അമ്മയുടെ അച്ഛൻ) ഇഷ്ടമല്ലെന്ന് പറയുന്നു, കാരണം ചോദിച്ചപ്പോൾ അതിന്റെ അമ്മ പറഞ്ഞത് ആ മനുഷ്യൻ സ്വന്തം കൊച്ചുമോളോട് നീ കറുത്തിട്ടാണെന്ന് തമാശയായി അവളോട് ഇടയ്ക്കിടെ പറയുമായിരുന്നത്രേ! എന്താണല്ലേ ? അദ്ദേഹത്തിന് അതൊരു നേരമ്പോക്കോ വളരെ നിസ്സാര കാര്യമോ ആകാം. പക്ഷെ, ആ കുഞ്ഞു മനസ്സിന്റെ ഭാരം…
ഓ! അത് കുഞ്ഞല്ലേ, അവൻ/അവൾ ഒന്നുറങ്ങി എണീക്കുമ്പോൾ അതങ്ങ് മറന്നു പോകുമെന്ന് മുതിർന്നവർ കരുതുന്ന പല കാര്യങ്ങളും അവർ മറക്കുന്നില്ല.
അതൊരു ചെറിയ കാര്യമല്ലേ എന്ന് കരുതി മുതിർന്നവർ ചിരിച്ചു തള്ളുന്ന പല കാര്യങ്ങളും അവർക്കായി സമ്മാനിക്കുന്നത് അവരെ മറ്റുള്ളവിൽ നിന്നും ഒളിപ്പിച്ചു വെക്കാൻ അപകർഷതാബോധത്തിന്റെ പുകമറയാണ്. അത്തരം ഒരുപാട് കുട്ടികളെ ദിവസവും കാണേണ്ടി വരുന്ന ഒരു വിഭാഗമാണ് അദ്ധ്യാപകർ.
അത്ര പെട്ടെന്നൊന്നും പറഞ്ഞു നിർത്താൻ കഴിയാത്തൊരു വിഷയമാണ്, എങ്കിലും
ഒന്നിന്റെ പേരിലും കുഞ്ഞുങ്ങൾ നോവിക്കപ്പെടാതിരിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു.
✍️©️രതി രമേഷ്
2 Comments
സംസാരിക്കുക എന്നത് ഒരു കലയാണ്.. അത് ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കൊളമാവും..
❤️❤️🥰🥰