അയാളുടെ അൻപതാം പിറന്നാളിന് നാട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മാനമായി, നന്നായി അലങ്കരിച്ച വലിയൊരു പെട്ടി വന്നെത്തി.
അതു തുറക്കുമ്പോഴേക്കും അതിൽ നിന്നും രണ്ടുമൂന്നു കളിപ്പാട്ടങ്ങൾ താഴേക്ക് വീണു. പെട്ടി മുഴുവനായി അയാൾ നിലത്തേക്ക് ചൊരിഞ്ഞു, അതിൽ നിറയേ കളിപ്പാട്ടങ്ങളായിരുന്നു പത്തുനാല്പതു വർഷം പഴക്കമുള്ള എന്നാൽ ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങുന്നതും മിനുസമായതും, കാണുന്ന കാഴ്ചയിൽ പുതിയതെന്നു തോന്നിക്കുന്നതുമായ കളിപ്പാട്ടങ്ങൾ..
പെട്ടിയോടൊപ്പം വന്ന കടലാസ് അപ്പോഴാണയാളുടെ കയ്യിൽ തടഞ്ഞത്.
” മോനെ നിനക്ക് സന്തോഷമായോ, അന്ന് ഞങ്ങൾ ഇതെല്ലാം സൂക്ഷിച്ചു വച്ചത് കൊണ്ട് നിനക്കിപ്പോൾ കാണാനായല്ലോ”
അയാൾ വിറയാർന്ന കൈയാൽ ഓരോ കളിപ്പാട്ടങ്ങളായി എടുക്കവേ ശകാരങ്ങളാൽ ചെവി തുളഞ്ഞു രക്തമൊഴുകി, ദേഹത്താകമാനം ചൂരൽ കൊണ്ടുള്ള അടിയേറ്റ് കറുത്ത് നീണ്ട പാടുകൾ തെളിഞ്ഞു വന്നു, പിച്ചിപ്പറിച്ച ചെവി ചുവന്നുതുടുത്തു , കൂർത്ത നഖങ്ങൾ കൊണ്ടുള്ള ക്ഷതത്താൽ തുട മുറിഞ്ഞു രക്തം വാർന്നൊഴുകി,വായുവിലൂടെ പാത്രങ്ങൾ അയാൾക്കുനേരെ പറന്നുവന്നു, ഒരു പഴുപ്പിച്ച ചട്ടുകം മുതുക് പൊള്ളിച്ച് വ്രണമാക്കി…
കളിപ്പാട്ടങ്ങളോരോന്നായി അയാളുടെ തലയ്ക്കുമുകളിൽ പാറിപ്പറന്നു, അയാളെ നോക്കി വിചിത്രമായ ശബ്ദത്താൽ കളിയാക്കി ചിരിച്ചു..
അയാൾ കയ്യിലെ കളിപ്പാട്ടങ്ങൾ നിലത്തിട്ട് ചുവരും അള്ളിപ്പിടിച്ചു തേങ്ങലടക്കി ഒരു മൂലയിൽ ഒതുങ്ങി ആരെയോ ഭയന്നെന്നവണ്ണം കൂനിക്കൂടി ഇരുന്നു, അയാൾക്ക് ചുറ്റും സ്വന്തം ബാല്യം അലറിവിളിച്ചു കരഞ്ഞു…