യുദ്ധം തകർത്ത അവശിഷ്ടങ്ങളിൽ
രക്തച്ചീളുകളെഴുതുന്നു,
ഇവിടൊരു വീടുണ്ടായിരുന്നു
എന്റെ.. ഞങ്ങളുടെ..
അവരുടെ വീട്.
ഇവിടൊരു ആകാശവും നടുമുറ്റവുമുണ്ടായിരുന്നു.
സ്വപ്നങ്ങളും ആഗ്രഹങ്ങളും പാറിപ്പറന്നും പിച്ചവച്ചും നടന്നത്.
ഇന്നാ മുറ്റത്ത് ഞാനില്ല ഞങ്ങളില്ല അവരില്ല.
ഉള്ളത് പൊട്ടിത്തെറിച്ച മൃതഭാഗങ്ങൾ..
ശ്വാസം ബാക്കിയായ അവയവങ്ങളില്ലാ ദേഹക്കഷ്ണങ്ങളും..
കലിയിളകിയ ബോംബുകൾ കാർമേഘം പൂണ്ട് മഴയായ് പെയ്യുന്നതു കണ്ടോ ഞങ്ങളുടെ ആകാശത്ത്?
ഒരിക്കലും നിങ്ങൾ കേൾക്കില്ല,
ചോരകുടിച്ചു തളർന്ന വായു ഭേദിച്ചെത്തുന്ന ആ പിഞ്ചിളം നിലവിളികൾ.
ടോർച്ചിന്റെ മങ്ങിയ ഏതാനും വെളിച്ചയിഴകളിൽ അനസ്തേഷ്യയില്ലാതെ പച്ചമാംസത്തിൽ കത്രിക കുത്തിയിറക്കിയ കീറിമുറിക്കലിന്റെ വാവിട്ട അലകളാണത്!
ഞങ്ങളുടെ വൈദ്യുതി അവർ അപഹരിച്ചു!
കേൾക്കാൻ പക്ഷെ, പേറ്റുനോവറിഞ്ഞ ആ ഉദരങ്ങങ്ങൾ പോലുമില്ല കേട്ടോ.
എപ്പോഴേ ചിതറിത്തെറിച്ച്
ഖബർ പൂണ്ടു.. അവര്!!!
പക്ഷെ, ഒരു നാൾ സത്യം മറനീക്കി പുറത്തു വരുമ്പോൾ നിങ്ങൾ ഒരു തരത്തിലും പറഞ്ഞേക്കരുത്,
‘ഇതവരുടെ വീടായിരുന്ന്.. അവരിടങ്ങളിലെ മണ്ണായിരുന്നെന്ന്..’
കാരണം നിങ്ങൾ വെറും ഭീരുക്കളാണ്!!
ഭീരുവിന്റെ ചിലമ്പിച്ച വാക്കുകൾ ഞങ്ങളുടെ വീടിന്റെ നാൽച്ചുമരിൽ
ഞങ്ങളൊട്ടിക്കാറില്ല..