എന്റെയുടലിനു വേണ്ടിയവർ രണ്ടു പേർ പൊരുതുന്നു.
രണ്ടും ആണുങ്ങൾ.
ഒന്നാമനെൻ മിത്രം
അവനെന്റെ വയറ്റിൽ ചവിട്ടി നാഭിക്കിട്ടൊരു ചവിട്ട്. ഹോ! എന്തൊരു വേദനയാ.
മറ്റവനെന്റെ ശത്രു അവനെന്നെ ചുടലിലിട്ടു കത്തിക്കുന്നു. ഉച്ചി മുതൽ പാദം വരെ ചുട്ടു പൊള്ളുന്നു.
മിത്രമെന്റെ ചോര പിഴിഞ്ഞെടുക്കുമ്പോ ശത്രുവെന്നെ കൊണ്ട് കഫം തുപ്പിക്കുന്നു.
രണ്ടും എന്റെ ഉടലിനെ ജയിക്കാൻ ശ്രമിക്കുന്നു.
ഈ മിത്രവും ആദ്യം എന്റെ ശത്രുവായിരുന്നു. ആറിലേക്ക് കടക്കുന്ന വിഷുവിനെന്നെ തേടി വന്ന, നോവിച്ചു ചോരയൊലിപ്പിച്ച എന്റെ ശത്രു. ഓക്കാനിച്ചും വയറ്റത്തടിച്ചും അവനെ അകറ്റാൻ നോക്കിയ ദിനരാത്രങ്ങൾ. അവനെന്നെ അശുദ്ധയാക്കി, ഉമ്മറത്തു ഇരിക്കാൻ കൊള്ളില്ലാത്തവളാക്കി, മൂവന്തി നേരത്ത് വിളക്ക് വെക്കുമ്പോ അകത്തെ മുറിയിലെ ഇരുട്ടിലിരിക്കേണ്ടവളാക്കി. പിന്നെയും പിന്നെയും എവിടെയെല്ലാമോ അകറ്റി നിർത്തപ്പെട്ടപ്പോ ശരിക്കും വെറുത്തതാ നിന്നെ ഞാൻ. എത്ര ആട്ടി പായിച്ചാലും എല്ലാ മാസവും എന്നെ തേടി വരുന്ന നീയുമായി പിന്നീടെപ്പോളോ ഞാൻ സമരസപ്പെട്ടു.
എന്നാൽ നീയിപ്പോളെന്താ ചെയ്യുന്നേ? പുതിയ ശത്രുവിനെ കൂട്ടു പിടിച്ചു പൊതു ശത്രുവിനെ തകർക്കുന്ന ചാണക്യതന്ത്രം പുറത്തെടുക്കകയാണോ?
വേണ്ട. ഞാൻ വീണു പോകും. വേദന പിന്നിലേക്കും പടരുന്നുണ്ടോ? എഴുന്നേറ്റ് നിൽക്കാൻ കെൽപ്പുള്ളവരോട് പോരെ പോര്?
ഷിജു
1 Comment
അവസാന വരി പൊളിച്ചു. കിടു
👌👌🔥🔥🔥🔥