ശനിയാഴ്ച കൃത്യം അഞ്ചുമണി ഓട്ടോറിക്ഷ ശബ്ദവും കൂടേ കുട്ടികളുടെ കലപിലയും കേട്ടപ്പോൾ ഉറപ്പിച്ചു നാത്തൂൻ തന്നെ. അകത്തു വന്നതും അക്ഷമയോടെ അടുക്കളയിലെ കലങ്ങളൊക്കെ തുറന്ന് നോക്കിയിട്ട് എന്നെ ആക്കിയ ഒരു നോട്ടമുണ്ട്. ഇന്നും നിനക്ക് ഇതു തന്നെ ഉണ്ടാക്കാൻ പറ്റിയുള്ളൂ എന്നർത്ഥത്തിൽ? ഞാൻ എന്ത് ചെയ്യാനാ നിങ്ങളുടെ ‘അമ്മ വാങ്ങിത്തന്നത് പുഴുങ്ങിയുണ്ടാക്കി വേണേൽ തിന്നാൽ മതി’യെന്ന് പറയാൻ വന്നത് കടിച്ചമർത്തി. വീട്ടിലെ ഏറ്റവും വലിയ പ്ലേറ്റ് എടുത്തു കണ്ണിൽകണ്ടതൊക്കെ അതിലേക്ക് വാരിയിട്ട് തിന്നുന്ന തീറ്റ കണ്ടാൽ തോന്നും ജനിച്ചിട്ട് ഇന്നേവരെ ഭക്ഷണം കണ്ടിട്ടില്ലെന്ന്. തിന്ന പാത്രം പോലും എടുത്തു വെക്കാതെ ഏതോ ഹോട്ടൽ പണിക്കാരനോട് ഭക്ഷണം ഓർഡർ ചെയ്യുന്നപോലെ രാവിലത്തേക്കുള്ള ഭക്ഷണത്തിന്റെ മെനുവും തന്നു പുള്ളിക്കാരി ഉറക്കം പിടിച്ചു.
പിറ്റേന്നു സൂര്യൻ ഉദിക്കുന്നതിനേക്കാളും നേരത്തെ ഉണർന്നു പണി തുടങ്ങി ഇല്ലേൽ അമ്മായമ്മയും നാത്തൂനും കൂടിച്ചേർന്നാവും തനിക്കെതിരിയുള്ള യുദ്ധം. പണികളൊക്കെ ഒതുക്കി ഉച്ചിയിൽ വെയിൽ ഉദിച്ചാലേ നാത്തൂൻ എഴുനേൽക്കു. ഉണ്ടാക്കിയ മെനുവൊക്കെ ടേസ്റ്റ് നോക്കി. ഒന്നിനും നല്ല അഭിപ്രായമില്ല. ഉപ്പ് ലേശം കൂടി, മുളക് പോര, പുളികൂടി. എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോവാനുള്ള ഒരുക്കമാണ് അടുത്തത്. പറമ്പിലെ പുല്ല് മുതൽ അടുത്ത വർഷം കായിക്കാനുള്ള തേങ്ങ വരേ സഞ്ചിയിലാക്കും പോരെങ്കിൽ അയലത്തെ വീട്ടിലെ സഞ്ചി വരേ വാങ്ങി അതിൽ നിറക്കും. പോവാൻ നേരം എന്നെ ആക്കിയ മട്ടിൽ ഒരുചിരിയും കൂടി പാസ്സാക്കും. അടുത്ത ആഴ്ച ഇതേദിവസം ഇതേസമയം കാണാമെന്ന ടെലിവിഷൻ അവതാരകയുടെ മട്ടിൽ.
റംസീന നാസർ
1 Comment
നന്നായിട്ടെഴുതി സൂപ്പർ👌👏👏👏