വിവാഹം കഴിഞ്ഞു ഭർതൃവീട്ടിലെത്തിയതും അമ്മായിഅമ്മ കഴുത്തിലും കയ്യിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോഴേ തോന്നിയിരുന്നു അവർ തനിക്കൊരു ഭീഷണിയാകുമെന്ന്. നോക്കിയിട്ട് കാര്യമില്ല എല്ലാം ഒരു ദിവസത്തേയ്ക്ക് വാടകക്കെടുത്തതാണെന്ന് അവിടെയിരുന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയിരുന്നു.
ഈ ന്യൂജനറേഷൻ മരുമകളോടാണോ കളിയെന്നമട്ടിൽ അവളും തിരിച്ചു നോക്കി.
പുതിയ മരുമകളുടെ നോട്ടം പന്തിയല്ലന്ന് മനസ്സിലാക്കിയോ ആവോ പിന്നെ കേട്ടത് അടുക്കളയിൽ നിന്നുള്ള ഉച്ചത്തിലുള്ള സംസാരവും എറിഞ്ഞുടക്കുന്ന പാത്രങ്ങളുടെ ശബ്ദവുമാണ്. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാകും ഈ ഒച്ചയും ബഹളവുമെന്ന് അവൾ ഊഹിച്ചിരുന്നു.
കാരണം വിവാഹത്തിനു മുമ്പ് സ്ത്രീധനത്തുക എത്തിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അവളുടെ ആത്മാഭിമാനം അതിനു സമ്മതിച്ചിരുന്നില്ല.
സ്വർണ്ണാഭരണത്തിലുള്ള പ്രതീക്ഷ കല്യാണപിറ്റേന്ന് വാടകക്കാർ ആഭരണം തിരിച്ചെടുക്കാൻ വന്നതും അസ്തമിച്ചിരുന്നു .
“തരാനുള്ള സ്ത്രീധനം തന്നാലേ ഇനിയെന്റെ മോന്റെ കൂടെ ജീവിക്കാനാകു.” എന്ന ഭീഷണിയുടെ കടുത്ത സ്വരം.
തെല്ലും വൈകിക്കാതെ വീടിനുള്ളിൽ ഇൻസ്റ്റാൾ ചെയ്ത ക്യാമറയും അതിൽ പതിഞ്ഞ അവരുടെ വീഡിയോകളും അവർക്കുള്ള ,അവളുടെ അവസാന ഭീഷണിയായിരുന്നു.
റംസീന നാസർ