ആഗ്രഹങ്ങൾക്ക് മേൽ മൂന്ന്
പിടി മണ്ണിട്ട്
മൂടിയപ്പോൾ
ഒരിക്കലും കരുതിയില്ല..
ആ നോവ് എന്നും ഹൃദയത്തിൽ
കുത്തിയിറങ്ങിയ കത്തി പോലെ
വേദനിപ്പിക്കുമെന്ന്..
സ്നേഹം കൊടുത്ത് തോറ്റ് തുടങ്ങിയപ്പോൾ
മുതലാണ്
ജീവിതവും കളിപ്പിക്കുകയാണെന്ന് മനസ്സിലായത്!!
പനിനീർ പൂവ് പോലെ സ്നേഹമെന്ന് പറഞ്ഞപ്പോഴും
കടലിലെ തിരകൾ പോലെയാണ്
പ്രണയമെന്ന്
പറഞ്ഞപ്പോഴും
കണ്ണടച്ച് വിശ്വസിച്ചവൾക്കിപ്പോ
സ്വന്തം മനസിനെ പോലും സംശയം!!
മരിക്കാനും കഴിയാതെ
മുന്നോട്ട് നടക്കാനും കഴിയാതെ
ചിതല് തിന്ന കാൽപ്പാദങ്ങളിൽ
കൊരുത്തിട്ട കടമയുടെ ചങ്ങല
വ്രണത്തിൽ പോറി രക്തം കിനിയുന്നു!!
വിഗ്രഹങ്ങളോ അൾത്താരയോ
പടച്ചോനേ എന്ന നിലവിളിയോ
ആരും കേട്ടില്ല…!
തനിച്ചായി പോയെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെയും
തീരുമാനങ്ങൾ വെറും വാക്കായ്
മാറുന്ന നേരങ്ങളിലൊക്കെയും
രക്തമൊഴുകി പരക്കുന്ന നീല ഞരമ്പുകൾ
സ്വപ്നം കണ്ടവൾ ഭയന്ന് വിറയ്ക്കും!!
പുതപ്പ് വലിച്ച് മൂടി
മരണത്തിൽ നിന്ന് ഓടിയൊളിക്കാൻ
ശ്രമിക്കും.
ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്
വ്യഥാ ചിന്തിച്ചു കൊണ്ടവൾ
എന്നും ഉറക്കറയിലേക്ക്
വെറുതെ നടക്കാറുണ്ട്!!
2 Comments
👌😍
❤️❤️❤️