പുതിയ വീട്, വീടെന്നല്ല കൊട്ടാരമെന്നു തന്നെ പറയാം. ആഡംബരങ്ങളുടെ അവസാന വാക്ക്, അതായിരുന്നു അയാൾ നഗരത്തിൻ്റെ കണ്ണായ സ്ഥലത്ത് പണിതുയർത്തിയത്.ആ സ്ഥലവും അയാൾ വാങ്ങിയത് മോഹവിലയ്ക്ക്.
പുതിയ കാലത്തിനനുസൃതമായിരുന്നു ഇൻ്റീരിയർ വർക്കുകൾ. ഉദ്യാനത്തിനുമുണ്ടായിരുന്നു നൂതനത്വത്തിൻ്റെ പകിട്ട്. ഓർക്കിഡുകൾ മത്സരിച്ച് പൂക്കാലം തീർക്കുന്ന ഉദ്യാനത്തിൽ പുതുതായി വിരിഞ്ഞ മന്ദാരപ്പൂവിൻ്റെ മൃദുലതയെ താലോലിച്ചുകൊണ്ട് അയാൾ നിൽക്കുമ്പോൾ അവൾ അത്ഭുതത്തോടെ അയാളെ നോക്കി. എന്നും പുതുമകൾക്കൊപ്പം പായുന്നയാളെ പുതിയ രൂപത്തിൽ കണ്ടതിൻ്റെ അത്ഭുതമായിരുന്നു അവളുടെ മിഴികളിൽ.
പുലരിയിലെ മഞ്ഞുതുള്ളിയലുക്കിട്ട മന്ദാരപ്പൂവിതളിൽ വിരലോടിക്കുമ്പോൾ അയാൾ ആദ്യപ്രണയത്തിൻ്റെ കുളിരാർന്ന ഓർമ്മകളിലായിരുന്നുവെന്ന് അവളറിഞ്ഞില്ല. അന്ന് കാമുകിയുടെ ഈറൻ മുടിയിൽനിന്ന് ഊർന്നുവീണ മന്ദാരപ്പൂവിതളുകൾ അയാളുടെ ഡയറിക്കുള്ളിൽ നിധിപോലെ ഇന്നുമുണ്ടെന്നും .
ഡോക്ടർ വീനസ്
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)