കണ്ണുനീർ വീണ് മഷി പടർന്ന അക്ഷരങ്ങളിൽ ഞാൻ എന്നെ തിരഞ്ഞു
നമ്മുടെ പ്രണയം തിരഞ്ഞു
ഇതിപ്പോൾ എത്രാമത്തെ കത്താണ്… എനിക്ക് നിശ്ചയമില്ല..
എഴുതി ചുരുട്ടിയെറിഞ്ഞതും
കുനു കുനെ കീറിയെറിഞ്ഞതും വീണ്ടും ഞാൻ ചേർത്തുവെച്ചുനോക്കി
നിന്നോട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിഭവങ്ങൾ…വിശേഷങ്ങൾ..
എന്തിനെന്നെ തനിച്ചാക്കി?
ഒരുമിച്ചു നെയ്ത സ്വപ്നങ്ങളിൽ ഒറ്റയ്ക്കായി
പോയവളുടെ നിലവിളികൾ
വാക്കുകളായി കത്തിൽ നിറഞ്ഞു
നിന്നോട്
പറയാനുള്ളതെല്ലാം ഞാൻ അക്കമിട്ടെഴുതി
ഈ എഴുതിയതൊക്ക എങ്ങനെ നിന്നിലേക്കെത്തിക്കും എന്നറിയാതെ നിന്റെ ചിതയെരിഞ്ഞ മണ്ണിൽ
നിന്ന് എന്നത്തേയും പോലെ ഞാൻ തിരിഞ്ഞു നടന്നു…
നിന്റെ മറുപടികളാവാം കാറ്റായും മഴയായും എന്നെ പുണർന്നതപ്പോൾ…