കാലങ്ങളായി ദൂരെ വിണ്ണിൽ വെൺമേഘ പഞ്ഞിക്കെട്ടു പോലെ പാറിപ്പറന്ന ചിലർ... പെട്ടെന്നൊരു നാൾ പ്രണയപ്പെരുമഴ പോലെ പെയ്തിറങ്ങും, നമ്മുടെ മേൽ...
മരുഭൂമിയുടെ ചൂടിൽ വെന്തുരുകിയ മനസ്സിന്റെ ദാഹം മാറ്റുന്ന മരുപ്പച്ച പോലെ... പക്ഷേ അവരറിയുന്നില്ല, ഈ സ്നേഹപ്പെരുമഴ നമ്മളെ എത്ര മാത്രം മാറ്റി മറിക്കുന്നു എന്ന സത്യം! ആ മലവെള്ളപ്പാച്ചിലിൽ പരുപരുത്ത പാറ പതുപതുത്ത ഉരുളൻകല്ലായി മാറുന്നത് അവരറിയുന്നില്ല. ലാവ വമിക്കുന്ന അഗ്നിപർവതം പതിയേ ശാന്തസമുദ്രമായി മാറുന്നതും അവർ കാണുന്നില്ല... സംഹാരതാണ്ഡവം ആടുന്ന പിത്തക്കാളി എന്നെന്നേക്കുമായി മൃദുലയായി മാറുന്നത് തിരിച്ചറിയുന്നില്ല.
കുത്തിയൊഴുകുന്ന പുഴയെ മെരുക്കി ശാന്തമാക്കി, കൂടുതൽ ശക്തമാക്കുന്ന ഈ മാറ്റം, അവരുടെ സ്നേഹത്തിനുണ്ടെന്ന് അവർ മനസ്സിലാക്കുന്നുണ്ടോ?
അവർക്ക് നന്ദി പ്രകടിപ്പിക്കാൻ ഏറ്റവും നല്ലത്, അവരെ പിടിച്ചു കെട്ടാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ... നീലാകാശത്തിൽ പാറിപ്പറക്കാൻ വെമ്പുന്ന മേഘങ്ങൾ നമ്മുടേതല്ല എന്ന സത്യം മനസ്സിലാക്കുക എന്നതാണ്.
– ദീപ പെരുമാൾ