സ്കൂൾ വരാന്തയിൽ ആദ്യദർശനത്തിൽ തന്നെ അവളോടു തോന്നിയ ആകർഷണം, അവനിലൊരു കാമുകൻ ജനിക്കുകയായിരുന്നു.
അതുവരെയില്ലാത്ത വികാര വിക്ഷോഭങ്ങളിലൂടെ അവന്റെ മനസ്സു കടന്നു പോയി. അന്നുമുതൽ അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുതുടങ്ങി. അവളോടൊത്തുള്ള വിവാഹവും അവൾ തന്റെ കുഞ്ഞിനു ജന്മം കൊടുക്കുന്നതുവരെ അവൻ സ്വപ്നം കണ്ടു. പിന്നീടുള്ള അവന്റെ ദിനങ്ങൾ അവളെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു.
ഒടുവിൽ അവളോടുള്ള തന്റെ ഇഷ്ടം ഉള്ളുതുറന്നു പറഞ്ഞ ദിനം നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്നപ്പോൾ, അവളുടെ വ്യക്തിതാല്പര്യത്തെ ബഹുമാനിച്ചു അവൾക്കായി കാത്തിരുന്നു. കാലവും കോലവും മാറി കാമുകന്മാരും മാറി. ആസിഡ് ഒഴിച്ചു വികൃതമാക്കുന്നതും പെട്രോൾ ഒഴിച്ചു കത്തിക്കുന്നതും പ്രണയം നിഷേധിച്ചതിന്റെ പേരിൽ കുത്തികൊലപ്പെടുത്തുന്നതും ആധുനിക കാമുകന്മാരുടെ വിനോദങ്ങളായി മാറി .
പ്രണയത്തെ അമൃതായും പ്രണയിനിയെ ദേവതയായും അവൾക്കായി സ്വന്തം രക്തത്തിൽ ചാലിച്ചെഴുതിയ പ്രണയലേഖനങ്ങളും പ്രണയ സാഫല്യത്തിനായി ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചിരുന്ന കാമുകന്മാരും ഇന്നു അന്യമായി.
റംസീന നാസർ