ചെറിയൊരു പന്തൽ, എന്റെയും അവളുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. അവളുടെ ഉപ്പയുടെ കൈ പിടിച്ചു എന്റെ ഇണയായി സ്വീകരിച്ചു പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോ പോലും മനസ് കലങ്ങി മറിഞ്ഞു നിൽക്കുവായിരുന്നു. ആർക്കൊക്കെയോ വേണ്ടി കെട്ടിയ ഈ ജീവിത വേഷം എത്രത്തോളം മുന്നോട്ട് പോവുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
മനസു ഒരു സ്ഥലത്തും ഉറച്ചു നിൽക്കുന്നില്ല.ഫോട്ടോ എടുക്കാൻ ചേർത്ത് നിർത്തിയപ്പോൾ ചിരി പോലും പിണങ്ങി നിന്നു. അവളുടെ മുഖത്തും അതെ ഭാവം. ഇടക്ക് അറിയാതെ പൊടിയുന്ന മിഴിനീർ നൂലുകൾ ആ മനസ്സിലെയും വിഹ്വലതകൾ പുറം തള്ളുന്നുണ്ട്.
പാവകൂത്തിലെ പാവകളാണ് ഞാനും അവളും. ചരട് വലിക്കുന്നതിനു അനുസരിച്ചാടുന്ന പാവകൾ.
ബിരിയാണിയും തിന്നു എല്ലാരും പിരിഞ്ഞു, അമ്മായിയും ഉമ്മയും ഉപ്പയും മാത്രം ബാക്കിയായി. പന്തലിൽ ഉപ്പയും ഞാനും തനിച്ചായി. “മോന്റെ മനസിൽ ഇപ്പൊ എന്താണ് എന്ന് എനിക്കറിയാം. അവള് പാവമാണ്. വേദനിപ്പിക്കരുത്. ”
ഞാനൊരു പാവമല്ലേ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിക്കാനും പറയാനുമുള്ളതെല്ലാം വായിൽ വിഴുങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായല്ലോ.
മെല്ലെ റൂമിലേക്ക് നടന്നു. മേല് കഴുകി നിസ്കരിച്ചു കഴിഞ്ഞ നേരം അവള് വന്നു. മുറിയിൽ മൗനം തളം കെട്ടിനിന്നു.
“ഇത്താത്ത “, മെല്ലെ വിളിച്ചു.
കേട്ട വാക്കിന്റെ പ്രഹരത്തിൽ അവളൊന്നു പുളഞ്ഞു പോയി. ചുണ്ട് കടിച്ചു ശബ്ദമില്ലാതെ വിതുമ്പി. വായിൽ നിന്ന് വീണ വാക്കോർത്ത് ഞാനും നാവ് കടിച്ചു . അടുത്ത വാക്കിനായി പരതി.
ആവനാഴിയിലെ അവസാനത്തെ അസ്ത്രവും തീർന്ന യോദ്ധാവിനെ പോൽ തല കുമ്പിട്ടു റൂമിനു പുറത്തേക്കിറങ്ങി. ഹാളിലെ സോഫയിൽ കിടക്കുന്ന ഉമ്മയുടെ കണ്ണുകളിലെ അപേക്ഷ മനസിൽ കൊളുത്തിയെങ്കിലും അവിടുന്ന് എവിടേക്കെങ്കിലും ഓടി പോവാൻ വെമ്പി.
വീടിനു പിറക് വശത്തെ കുളപടവിൽ കാല് നീട്ടി ഇരിക്കുമ്പോൾ ചെമ്പനും കൂടെ വന്നിരുന്നു. എന്റെ മുഖത്തേക്ക് നോക്കി ശബ്ദം താഴ്ത്തി കുരച്ചന്നെ സമാധാനിപ്പിക്കുന്നുണ്ട്. എന്നോട് ചേർന്ന് കിടന്നു എന്റെ മടിയിലേക്ക് കാലുകൾ എടുത്തു വെച്ചു എന്റെ കണ്ണിലേക്കു നോക്കി പറയാതെ പറഞ്ഞു ഞാനില്ലേ കൂടെ….
ഉപ്പയും ഉമ്മയും ഇക്കാക്കയും ഇത്താത്തയും ഒന്നിച്ചാണ് എന്റെ നസിയെ കാണാൻ പോയത്. അവളുടെ വലിയ നീണ്ട കണ്ണുകളുടെ ആഴത്തിൽ എനിക്കെന്നെ തന്നെ നഷ്ടമായി. ആറു മാസത്തിനു ശേഷം നിക്കാഹ് തീരുമാനിച്ചപ്പോൾ നിലത്തൊന്നും അല്ലായിരുന്നു. രാവ് വെളുക്കുവോളം കണ്ട സ്വപ്നങ്ങൾ.
നിക്കാഹിനു വേണ്ടി എല്ലാം ഒരുക്കി, സാരിയും മഹ്റും വാങ്ങി, കല്യാണം വിളി ഉമ്മയും ഉപ്പയും ഇത്താത്തയും ഏറ്റെടുത്തു. പുതിയ നിറ ചാർത്തിൽ വീടൊരുങ്ങി. വിരിപ്പിലും കർട്ടനിലും വരെ നസിയുടെ ഇഷ്ടങ്ങൾ. കല്യാണ തലേന്ന് പന്തലുകാർക്ക് നിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കെ ഇക്കാക്ക കുഴഞ്ഞു വീണു. ഇത്താത്തയുടെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും ആ വിളക്കണഞ്ഞു പോയിരുന്നു.
പിന്നെ നടന്നതൊക്കെ ആദ്യമേ എഴുതി വെച്ച നാടകത്തിലെ രംഗങ്ങൾ പോലെ മിന്നി മറഞ്ഞു. എല്ലാവർക്കും ഇത്താത്തയെ എന്നെ ഏൽപ്പിക്കണം. രണ്ടുമ്മമാരും എന്റെ കാല് പിടിച്ചു. നസിയുടെ ഉപ്പാക്ക് ഒരിക്കൽ മുടങ്ങിയ നിക്കാഹ് നടത്താൻ താല്പര്യം ഉണ്ടായിരുന്നില്ല. അതിന് വേണ്ടി ആറുമാസം വരെ കാത്തിരിക്കാനും തയ്യാറല്ലായിരുന്നു. വിധിക്ക് മുന്നിൽ തല കുനിച്ചു, അറിയാതെ സമ്മതം മൂളി.
ആരോടും പറഞ്ഞിട്ടും കാര്യമില്ല, ആർക്കും മനസിലാവില്ല എന്റെ ദെണ്ണം. കണ്ണടച്ചാൽ രണ്ട് കണ്ണുകൾ കൊത്തി വലിക്കുകയാണ്. പെണ്ണ് കാണാൻ പോയ അന്ന് തൊട്ട് ഖൽബിൽ കയറിയതാണ്. ഇറക്കി വിടാൻ നോക്കിട്ട് ആവുന്നില്ല.ആറുമാസം എന്തെല്ലാം സ്വപ്നങ്ങൾ നെയ്തു കൂട്ടി. രാവ് വെളുക്കുവോളം ഫോണിൽ തന്നെ.അവളുടെ അമർത്തിയുള്ള മൂളലുകളും മുത്ത് കിലുങ്ങും പോലുള്ള ചിരിയും മനസിൽനിന്നു പോവുന്നില്ല.അവളുടെ സ്ഥാനത്തു മറ്റൊരാൾ അതും ആറുമാസം ഇത്താത്തയായി, പെങ്ങളായി കണ്ടവൾ. ഇക്കാക്കാന്റെ മൊഞ്ചത്തി പെണ്ണ്. കൺമുന്നിൽ കണ്ട അവരുടെ സ്നേഹവും കരുതലും ചിരിയും എല്ലാം ഓർക്കുമ്പോൾ തോന്നും,ഇത്താത്തയെങ്ങനെ ഇതിനു സമ്മതിച്ചു.
അവരെയും പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഭാഗത്തു നിന്നുമുള്ള സമ്മർദ്ദത്തെ ജയിക്കാൻ എനിക്കായിട്ടില്ല. പിന്നെ ഒരു പെണ്ണിന്. അതും കെട്ടിക്കാൻ പ്രായമുള്ള രണ്ടു അനിയത്തിമാരും കൂടി ഉള്ളപ്പോൾ
ഇത്താത്ത” ഇനി ആ വിളി മാറ്റി വിളിക്കണം. എന്റെ ജീവന്റെ പാതിയായി കരുതണം. ഇക്കാക്ക പൊന്ന് പോലെ കൊണ്ടു നടന്നതാണ്. എനിക്ക് അങ്ങനെ ആവുമോ.. എന്നെ അങ്ങനെ കാണാൻ അവൾക്കും പ്രയാസമുണ്ടെന്നു ഇന്ന് മനസിലായതാണ്. നിറഞ്ഞ കണ്ണുകൾ പറയാതെ പറഞ്ഞതാണ്.
കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടാവുമോ?
എല്ലാറ്റിനും കുറച്ചു സമയം വേണം. അനിയത്തിയുടെ നിശ്ചയിച്ച വിവാഹം അവൾ മൂലം ഒഴിഞ്ഞു പോകുമോ എന്ന പേടി കൊണ്ടാണവൾ സമ്മതിച്ചത് എന്നറിയാം.വിധി കൂട്ടി കെട്ടിയ ഈ ബന്ധത്തിൽ കഴിയുന്നതും മുന്നോട്ട് പോവാൻ ശ്രമിക്കണം. എല്ലാം പ്രപഞ്ച നാഥനിൽ ഭരമേൽപ്പിച്ചു അവളോട് സംസാരിക്കാൻ മനസിനെ പാകപ്പെടുത്തി റൂമിലേക്ക് നടന്നു.
ഫോട്ടോ : ഗൂഗിൾ
#എന്റെരചന
#റീബോണ്ട്റിലേഷൻഷിപ്
28 Comments
മനസ്സിനെ പിടിച്ചുലക്കുന്ന വരികൾ…❤️
സറി… ❤️❤️🥰
Nice❤️
ശ്രീജ താങ്ക്സ് 🥰
കണ്മുന്നിൽ കണ്ടൊരു ജീവിതത്തെ അത്രമേൽ വൈകാരികതയോടെ വായിക്കാനായി .
താങ്ക്സ് സർ അഭിപ്രായത്തിനും വായനക്കും ❤️😊
മനോഹരമായ എഴുത്ത്
❤️❤️
Good
❤️❤️
വല്ലാത്തൊരു എഴുത്ത്.. ഇങ്ങനെ ജീവിക്കുന്നവരുടെ അവസ്ഥ ഹോ ഓർക്കാൻ പോലും വയ്യ
നന്ദേച്ചി 😘😘
സാബി…. എന്തു പറയണമെന്നറിയില്ല. എഴുത്ത് കൂടുതൽ തെളിമയുള്ളതാകുന്നു. കൂടുതൽ ഹൃദയസ്പർശിയും… ഒത്തിരി സന്തോഷം👏👏👏🥰❤️
സീന ❤️🥰
Seems like a true story! സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഒരു കുടുംബത്തെ എനിക്ക് പരിചയം ഉണ്ട്
ഇപ്പൊ അങ്ങനെ കുറവാകും. ഇപ്പോളത്തെ കുട്ടികൾ ഇമോഷണൽ ഡ്രാമക്ക് നിന്ന് കൊടുക്കില്ല
ഇത്തരം അവസ്ഥകളുടെ ‘ഇര’കളുടെ മാനസികാവസ്ഥയെപ്പറ്റി ഇതുവരെ ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു ഉൾക്കിടിലത്തോടെയാണ് വായിച്ചുതീർത്തത്. സാബീ 😘😘😘
സിൽവി ചേച്ചി ❤️❤️
ഇതേ അവസ്ഥയിൽ ഉള്ളൊരു ഫാമിലി യെ അറിയാം. അന്ന് ചിന്തിച്ചിരുന്നു എന്തിനാണ് എങ്ങനെയാണ് ആ പെൺകുട്ടി സമ്മതിച്ചതെന്ന്. ഇങ്ങനെയൊക്കെത്തന്നെയാവും അല്ലേ. എന്തായാലും നല്ലെഴുത്ത് 🥰
നോവുണർത്തിയ രചന.
സാഹചര്യങ്ങളുടെ സമ്മർദ്ദം ജീവിതം മാറ്റിമറിക്കുമ്പോൾ അതിൽ ഉഴലുന്നവരുടെ നോവ് നന്നായി എഴുതി.
അഭിനന്ദനങ്ങൾ.👌👏
❤
മനസ്സിനെ തൊടുന്ന എഴുത്ത്..
ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ഓർക്കുമ്പോൾ……………
❤️❤️❤️🥰
super 🥰🥰🥰
uff എന്തൊരെഴുത്താണ്. കിടു.🔥🔥 അടിപൊളി ക്രാഫ്റ്റ്👏👏👏
ഹഫ്സു 🥰
റംസി… ❤️❤️
ഹൃദയഹാരിയായ കഥ… ❤️
സജ്ന 🥰🥰