ഓരോ രാത്രിയും ഇരുൾ നീട്ടി എന്നെ പുണരുമ്പോൾ പുലരാതിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു
ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ വെളിച്ചത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന ഒരു കാലം
സ്നേഹത്തിൻറ പ്രണയത്തിൻ്റെ ഒരു കണിക പോലും എന്നിലേക്ക്
എത്താതെ പോയ ദിനങ്ങൾ
മധ്യാഹ്നത്തിനു മുന്നേ വാടിക്കൊഴിയുവാൻ വിധിക്കപ്പെട്ട കാട്ടുപൂവിന്റെ വേദനയോർത്ത്
നെടുവീർപ്പുതിർത്ത നാളുകൾ
നിരാശയുടെ കടുകുഴിയിൽ വീണു കഴിഞ്ഞാൽ പിന്നെ ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമല്ലെന്ന് എന്നെത്തന്നെ
ഓർമിപ്പിച്ചുകൊണ്ടിരുന്ന കാലം
അതിനിടയിൽഎപ്പോഴാണ് ഒരു ഇല പോലും അറിയാതെ നീയെന്റെ തേൻ തേടിയെത്തിയെന്ന് എനിക്കും അറിയില്ല
വാടി വീഴാൻ തുടങ്ങുന്ന പൂവിലും തേൻ തേടിയ തേനീച്ചയായി നീയെത്തി
കൊഴിഞ്ഞു വീഴും മുന്നേ എന്നിലെ അവസാന തുള്ളിയും ഹൃദയത്തിനുള്ളറയിൽ
ഭദ്രമായി സൂക്ഷിക്കാൻ.
അതായിരുന്നു എൻ്റെ ആവേശം ,
എന്റെ പുനർജന്മം .
വാടിക്കരിയാനല്ല വസന്തമായി വിരിയാൻ മാത്രമാണ് എന്റെ
നിയോഗം എന്ന് ഞാൻ അറിഞ്ഞു
എന്നിലെത്തേനും പരാഗവും തേടി നീ ചുറ്റിലും പാറി നടക്കുമ്പോൾ കൂരിരുട്ടിന്റെ രാത്രികളെയല്ല സുന്ദരമായ പ്രഭാതങ്ങളാണിന്നെനിക്കിഷ്ടം
വെയിലൊളി മഞ്ഞു തുള്ളികളെ
ഉമ്മ വെക്കുന്ന, കിളികൾ ചിലക്കുന്ന, കുയിൽപാട്ട് ഉണരുന്ന, പൂക്കളും പൂമ്പാറ്റകളും പ്രണയം കൈമാറുന്ന ഈ വെളിച്ചത്തിലേക്കുണരാൻ എനിക്കിപ്പോൾ തിടുക്കമാണ്..